
 രാജ്യസഭ പിരിഞ്ഞു, ലോക്‌സഭ ഇന്ന് കൂടി
ന്യൂഡൽഹി: കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് മോദി സർക്കാർ ഭരിക്കുന്നതെന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാവപ്പെട്ടവർക്ക് വേണ്ടി കേന്ദ്രം നടപ്പാക്കിയ പദ്ധതികൾ ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ നിർമ്മല എടുത്തുപറഞ്ഞു.
800 മില്യൺ ആളുകൾക്ക് സൗജന്യമായി ഭക്ഷ്യധാന്യം നൽകി. 80 മില്യൺ പേർക്ക് സൗജന്യ പാചകവാതകം നൽകി. കർഷകരും സ്ത്രീകളും പാവപ്പെട്ടവരും ഭിന്നശേഷിക്കാരും ഉൾപ്പെടെ 400 മില്യണോളം പേർക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ നൽകി.
1.67 കോടിയിലേറെ വീടുകൾ പി.എം ആവാസ് യോജന വഴി പൂർത്തീകരിച്ചു. 2.67 കോടിയിലേറെ കുടുംബങ്ങൾക്ക് വൈദ്യുതിയെത്തിച്ചു. ഇതൊക്കെ പണക്കാർക്ക് വേണ്ടിയുള്ളതാണോയെന്നും നിർമ്മല ചോദിച്ചു.
ആത്മനിർഭർ ഭാരതിനുള്ള ഉപകരണമാണ് ഈ ബഡ്ജറ്റ്. കൊവിഡ് ലോകത്തെ എല്ലാ സമ്പദ് വ്യവസ്ഥയെയും ബാധിച്ചു. അതിനെ നേരിടാനുള്ള ശക്തമായ ഉത്തേജനത്തിനുള്ള പരിശ്രമമാണ് ഈ വർഷത്തെ ബഡ്ജറ്റ്.
ദീർഘകാല സുസ്ഥിരമായ വളർച്ചയാണ് ലക്ഷ്യമിടുന്നത്. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കി. 90.469 കോടിയാണ് ഗ്രാമീണ തൊഴിലുറപ്പിനായി ചെലവിട്ടത്. യുവാക്കൾക്ക് കൂടുതൽ അവസരങ്ങളുണ്ടാക്കാൻ ബഡ്ജറ്റ് ലക്ഷ്യമിടുന്നു. പ്രതിപക്ഷം വ്യാജ പ്രചാരണമാണ് നടത്തുന്നതെന്നും നിർമ്മല പറഞ്ഞു.
ബഡ്ജറ്റ് ചർച്ചയ്ക്കുള്ള മറുപടി പൂർത്തിയാക്കി രാജ്യസഭ പിരിഞ്ഞു. അടുത്ത സെഷൻ മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ടുവരെ നടക്കും. ലോക്‌സഭ ഇന്ന് പിരിയും. ധനമന്ത്രി ഇന്ന് ബഡ്‌ജറ്റ് ചർച്ചയ്ക്കുള്ള മറുപടി നല്കും.