
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ രാജ്യസഭയിലെ അടുത്ത പ്രതിപക്ഷ നേതാവാകും. ഖാർഗെയുടെ പേരു നിർദ്ദേശിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി രാജ്യസഭാ ചെയർമാൻ വെങ്കയ്യനായിഡുവിന് കത്ത് നൽകി.
രാജ്യസഭയിലെ 17-ാമത്തെ പ്രതിപക്ഷ നേതാവാണ് ഖാർഗെ.
നിലവിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദിന്റെ രാജ്യസഭാ ടേം തിങ്കളാഴ്ച അവസാനിക്കും. അഞ്ച് തവണ രാജ്യസഭാംഗമായ ഗുലാംനബിക്ക് വീണ്ടുമൊരു അവസരം നൽകേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. സംഘടനാ തലത്തിലായിരിക്കും ഇനി ഗുലാംനബിയുടെ പ്രവർത്തനം.
കർണാടകയിൽ നിന്നുള്ള ദളിത് നേതാവായ ഖാർഗെ 2014 മുതൽ 19 വരെ ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അദ്ദേഹം കർണാടക കോൺഗ്രസ് അദ്ധ്യക്ഷനായും നിയമസഭാ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായിരുന്നു.
പത്തുതവണ നിയമസഭാംഗമായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുൽബർഗയിൽ നിന്ന് അട്ടിമറി പരാജയം നേരിട്ടു. കഴിഞ്ഞ ജൂണിൽ രാജ്യസഭാംഗമായി.
6 വർഷവും 9 മാസവും പദവി വഹിച്ച ഗുലാംനബി ആസാദാണ് ദീർഘകാലം രാജ്യസഭാ പ്രതിപക്ഷ നേതാവായ വ്യക്തി.
സിക്കന്ദർ ഭക്ത് 5 വർഷവും പത്തു മാസവും മൻമോഹൻ സിംഗ് 5 വർഷവും 9 മാസവും അരുൺ ജെയ്റ്റ്‌ലി 5 വർഷവും രണ്ടുമാസവും പ്രതിപക്ഷ നേതാവായിരുന്നു.