
ന്യൂഡൽഹി: ഇന്ത്യൻ നിയമം പാലിക്കണമെന്ന കേന്ദ്രസർക്കാരിന്റെ കർശന നിർദ്ദേശത്തിന് പിന്നാലെ, നടപടികളുമായി ട്വിറ്റർ. കർഷകസമരവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രം നൽകിയ പട്ടികയിലെ 97 ശതമാനം അക്കൗണ്ടുകളും ട്വിറ്റർ മരവിപ്പിച്ചു.
വ്യാജവാർത്തകൾ, ഖാലിസ്ഥാൻ-പാക് ബന്ധം തുടങ്ങിയവയിൽ നടപടി ആവശ്യപ്പെട്ട് രണ്ട് ഘട്ടമായി 1,435 അക്കൗണ്ടുകളുടെ പട്ടികയാണ് കേന്ദ്രം ട്വിറ്ററിന് കൈമാറിയത്. ഇതിൽ 1,398 എണ്ണവും മരവിപ്പിച്ചു. ട്വിറ്ററിന്റെ ഇന്ത്യ ഓഫീസിൽ അഴിച്ചുപണിയും നടത്തും. മുതിർന്ന ഉദ്യോഗസ്ഥരെയടക്കം മാറ്റും. ട്വിറ്റർ ഗ്ലോബൽ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് മോണിക് മേച്ചെ, ഡെപ്യൂട്ടി ജനറൽ കൗൺസലും വൈസ് പ്രസിഡന്റുമായ ജിം ബേക്കർ എന്നിവർ കേന്ദ്രവാർത്ത വിനിമയ സെക്രട്ടറി അജയ് സാവ്നിയുമായി വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി. ഈ യോഗത്തിൽ ട്വിറ്ററിന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥരെ മാറ്റണമെന്ന കേന്ദ്രം ആവശ്യപ്പെട്ടതായും, ഇത് ട്വിറ്റർ അംഗീകരിച്ചതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നടപടി ആവശ്യപ്പെട്ടുള്ള കേന്ദ്ര നിർദ്ദേശം ഇന്ത്യൻ നിയമങ്ങളുമായി ചേർന്നു പോകുന്നില്ലെന്നും
അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് വാർത്താമാദ്ധ്യമങ്ങൾ, മാദ്ധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയക്കാർ എന്നിവരുടെ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കില്ലെന്നും ട്വിറ്റർ കഴിഞ്ഞ ദിവസം കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യൻ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയിൽ വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. സമൂഹമാദ്ധ്യമങ്ങളെ ബഹുമാനിക്കുന്നു. ട്വിറ്റർ, വാട്സാപ്പ്, ഫേസ്ബുക്ക് കമ്പനികൾക്ക് ഇന്ത്യയിൽ പ്രവർത്തിക്കാം. എന്നാൽ, ഇന്ത്യൻ ഭരണഘടനെയെയും നിയമങ്ങളെയും ബഹുമാനിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.