sidique-kaapan

ന്യൂഡൽഹി: യു.പിയിലെ ഹാഥ് രസിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ അടക്കം അ‌ഞ്ചുപേ‌ർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഇ.ഡി കുറ്റപത്രം നൽകി.

കഴിഞ്ഞവർഷം ഡിസംബറിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് ഇ.ഡി പിടികൂടിയ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫ്, സിദ്ദിഖിനെ കൂടാതെ ഹാഥ് രസിലേക്കുള്ള മഴിമദ്ധ്യേ ഒക്ടോബ‌ർ 5ന് അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീക്കുർ റഹ്മാൻ, ഡൽഹി ജനറൽ സെക്രട്ടറി മസൂദ് അഹമ്മദ്, പോപ്പുലർ ഫ്രണ്ട് പ്രവ‌ർത്തകൻ മുഹമ്മദ് ആലം എന്നിവർക്കെതിരെയാണ് ലക്നൗ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയത്. ഇത് സ്വീകരിച്ച കോടതി

മാർച്ച് 18ന് ഇവരെ ഹാജാരാക്കാൻ നോട്ടീസ് നൽകി. പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള ഇ.ഡിയുടെ ആദ്യ കുറ്റപത്രമാണിത്.

ഏതാനും വർഷങ്ങളായി പോപ്പുല‌ർ ഫ്രണ്ട് അക്കൗണ്ടിലേക്ക് ഗൾഫിൽ നിന്ന് 100കോടിയിലേറെ രൂപ എത്തി. റൗഫ് ഷെരീഫ് ഈ പണം ശേഖരിച്ച് ക്രിത്രിമ മാർഗത്തിലൂടെ ഇന്ത്യയിലെത്തിച്ച് നിയമവിരുദ്ധ പ്രവ‌ർത്തനത്തിന് ഉപയോഗിപ്പെടുത്തിയെന്നാണ് ഇ.ഡി ആരോപണം. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം, ഡൽഹി കലാപം, ഹാഥ് രസിലെ ക്രമസമാധാനം തകർക്കൽ തുടങ്ങിയവയ്ക്കായി ക്രിമിനൽ ഗൂഢാലോചന നടത്തി 1.36 കോടി രൂപ സംഘടിപ്പിച്ചെന്നുമാണ് ഇ.ഡി പറയുന്നത്.
പോപ്പുലർ ഫ്രണ്ടിന് ഭാവിയിൽ ഉപയോഗിക്കാനായി ഭൂമി വാങ്ങി. ഹാഥ് രസിലേക്ക് പോകാനായി ഉപയോഗിച്ച കാർ, അറസ്റ്റിലാകുന്നതിന് 15 ദിവസം മുൻപ് മസൂദ് 2.25 ലക്ഷം രൂപയ്ക്ക് വാങ്ങിയതാണെന്നും ഇ.ഡി പറയുന്നു. നിലവിൽ മഥുര ജയിലിലുള്ള സിദ്ദിഖിന് അസുഖബാധിതയായ മാതാവിനെ കാണാൻ അടിയന്തരജാമ്യം തേടി പത്രപ്രവർത്തക യൂണിയൻ നൽകിയ ഹ‌ർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും.