
ന്യൂഡൽഹി :റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അനിഷ്ട സംഭവങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് നടക്കുന്ന അറസ്റ്റുകളെക്കുറിച്ചും സിംഗുവിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സംയുക്ത കിസാൻ മോർച്ച. അതിക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചാൽ നേരിട്ട് ഹാജരാകരുതെന്നും സംയുക്ത സമിതിയുടെ ലീഗൽ സെല്ല് വഴി ഹാജരാകണമെന്നും കർഷകർക്ക് മോർച്ച അംഗം കുൽദീപ് സിംഗ് നിർദ്ദേശം നൽകി. റാലിയിൽ പങ്കെടുത്ത 16 കർഷകരെക്കുറിച്ച് യാതൊരു വിവരവുമില്ല.14 എഫ്.ഐ.ആറുകളിലുമായി 122 കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേസുകളെല്ലാം വ്യാജമാണെന്നും മോർച്ച ആരോപിക്കുന്നു.
ദീപ് സിദ്ദുവിനെ ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തു
റിപ്പബ്ലിക് ദിനത്തിലെ അക്രമസംഭവങ്ങളിൽ പ്രതിയായ പഞ്ചാബി താരം ദീപ് സിദ്ദുവിനേയും മറ്റൊരു പ്രതിയായ ഇഖ്ബാൽ സിംഗിനേയും ഡൽഹി പൊലീസ് ചെങ്കോട്ടയിലെത്തിച്ച് തെളിവെടുത്തു. ജനുവരി 26ന് ചെങ്കോട്ടയിലേക്ക് പ്രവേശിക്കാൻ തെരഞ്ഞെടുത്ത വഴിയിലൂടെ ഇരുവരെയും കൊണ്ടുപോയ ശേഷമാണ് ചെങ്കോട്ടയിലെത്തിച്ചത്. സംഭവങ്ങൾ പുനരാവിഷ്‌ക്കരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നു.
സിംഗും സിദ്ദുവും ചേർന്നാണ് കർഷകരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്ന് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് പറഞ്ഞു. ട്രാക്ടർ റാലിക്കിടെ അനുവദിക്കപ്പെട്ട വഴിയിൽനിന്ന് കർഷക പ്രതിഷേധം വഴി മാറി സഞ്ചരിച്ചിരുന്നു. ഇതു സംബന്ധിച്ചു പ്രതികളുടെ പങ്കും അന്വേഷിക്കും. ചെങ്കോട്ടയിലെത്തിയ ശേഷമുള്ള ഇവരുടെ പ്രവർത്തനങ്ങളും അന്വേഷിക്കും.