
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വിരമിക്കാൻ കഷ്ടിച്ച് രണ്ട് മാസം ബാക്കിനിൽക്കെ, പുതിയ ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യാതെ കൊളീജിയം.
ജസ്റ്റിസ് എൻ.വി.രമണയാണ് സീനിയോരിറ്റി പ്രകാരം മുന്നിൽ. എന്നാൽ, ഇതോടൊപ്പം, സുപ്രീംകോടതിയിലെ ഒഴിവുള്ള പദവിയിലേക്ക് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അകിൽ ഖുറേഷി എത്തുന്നതിനോട് സർക്കാരിനുള്ള വിയോജിപ്പാണ് തർക്കത്തിനുള്ള കാരണമെന്ന് സൂചന. ഇദ്ദേഹത്തെ പരിഗണിക്കുന്നതിനോട് ചീഫ് ജസ്റ്റിസ്, ജസ്റ്റിസുമാരായ എൻ.വി.രമണ, റോഹിംഗ്ടൺ നരിമാൻ, യു.യു.ലളിത്, എ.എം.ഖാൻവിൽക്കർ എന്നിവരുൾപ്പെട്ട കൊളീജിയത്തിലെ ഭൂരിപക്ഷത്തിനും താല്പര്യമുണ്ട്.
2019ൽ രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട കൊളീജിയം മദ്ധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഖുറേഷിയെ ശുപാർശ ചെയ്‌തെങ്കിലും സർക്കാർ അദ്ദേഹത്തെ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റി. 2018 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസ് പദവിയിൽ ഒഴിവ് വന്നപ്പോഴും ഖുറേഷിയെ തഴഞ്ഞ് ജൂനിയറായ ജസ്റ്റിസ് എ.എസ്.ദവെയെയാണ് സർക്കാർ പരിഗണിച്ചത്.
ദേശീയ ജുഡീഷ്യൽ കമ്മിഷനുമായി ബന്ധപ്പെട്ട് സർക്കാരും കോടതിയും തമ്മിലെ തർക്കം കാരണം 2015ൽ ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു പിൻഗാമിയെ നിർദേശിച്ചിരുന്നില്ല.
രഞ്ജൻ ഗൊഗോയ് വിരമിച്ചതിനെ തുടർന്ന് 2019 നവംബറിലാണ് എസ്.എ. ബോബ്‌ഡെ ചീഫ് ജസ്റ്റിസായത്. 14 മാസത്തെ സേവനത്തിന് ശേഷം ഏപ്രിൽ 23ന് വിരമിക്കും.
ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ഇന്ദു മൽഹോത്രയും വിരമിക്കും. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, റോഹിംഗ്ടൺ നരിമാൻ, നവീൻ സിൻഹ എന്നിവരും ഈ വർഷം വിരമിക്കുന്നുണ്ട്.34 ജഡ്ജിമാർ വേണ്ടിടത്ത് 30 ജഡ്ജിമാരുമായാണ് സുപ്രീംകോടതി പ്രവർത്തിക്കുന്നത്.