
ന്യൂഡൽഹി: രാജ്യത്ത് ദീർഘവീക്ഷണത്തോടെയുള്ള വളർച്ച ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നയങ്ങൾ ആവിഷ്കരിക്കുന്നതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. ലോക്‌സഭയിൽ ബഡ്ജറ്റ് ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നവർ.
കൊവിഡ് പ്രതിസന്ധികളുണ്ടാക്കിയെങ്കിലും വിപണിയെ ശക്തിപ്പെടുത്താനുള്ള സർക്കാർ പരിഷ‌്‌കാരങ്ങളെ ബാധിച്ചില്ല. ദീർഘകാല വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾക്കാണ് സർക്കാർ രൂപം നൽകിയത്. ആത്മനിർഭര ഭാരതമാണ് ലക്ഷ്യം. പരിഷ്‌കാരങ്ങൾ ഇന്ത്യയെ ലോകത്തെ മികച്ച സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റും - മന്ത്രി ചൂണ്ടിക്കാട്ടി.
ദളിത്, പിന്നാക്ക, നിർദ്ധന വിഭാഗങ്ങളുടെ ഉന്നമനമാണ് മോദി സർക്കാരിന്റെ ലക്ഷ്യം. പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വിഹിതത്തിൽ കുറവു വരുത്തിയെന്ന വാദം ശരിയല്ല. തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമെങ്കിൽ 2021-22 വർഷത്തിൽ കൂടുതൽ തുക വകയിരുത്തും.
ജനതയ്ക്കു വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. ജനത കൈവിട്ട ഒരു പാർട്ടിയും അതിന്റെ നേതാവും അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരാമർശിച്ച് നിർമ്മല പറഞ്ഞു. കർഷകരെ സഹായിക്കുന്ന കർഷക നിയമങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് മലക്കം മറിഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കാർഷിക കടങ്ങൾ എഴുതി തള്ളാൻ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം,ബഡ്ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്നലെ സമാപിച്ചു. രണ്ടാം ഘട്ടം മാർച്ച് എട്ടിന് തുടങ്ങി ഏപ്രിൽ എട്ടിന് അവസാനിക്കും.