
ന്യൂഡൽഹി :പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അപായപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോവലിന്റെ വീട്ടിലും ഓഫിസിലും സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം. ആറിന് അറസ്റ്റിലായ ലഷ്‌കറെ മുസ്തഫയുടെ മേധാവിയായ ഹിദായത് ഉല്ലാ മാലിക്കിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ നീക്കം. പാക് നിർദ്ദേശപ്രകാരം താൻ 2019 മെയ് 24 ൽ ശ്രീനഗറിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിയെന്ന് മാലിക് പറയുന്നു. എൻ.എസ്.എ. ഓഫിസിന്റെയും സി.ഐ.എസ്.എഫ്. സുരക്ഷാ വിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളുടേയും വിഡിയോ എടുത്തു. ഇത് വാട്‌സാപ്പിലൂടെ പാകിസ്ഥാനിലെ ഒരാൾക്ക് അയച്ചു കൊടുത്തു. ബസിൽ കാശ്മീരിൽ തിരികെയെത്തി. 2019ൽ സാംബ സെക്ടർ അതിർത്തി മേഖലയുടെയും വീഡിയോ അഹമ്മദ് ധറിനൊപ്പം പകർത്തിയെന്നും ഇയാൾ പറഞ്ഞു. ധറിനെ പുൽവാമ ഭീകരാക്രമണ കേസിൽ കഴിഞ്ഞ വർഷം അറസ്റ്റ് ചെയ്തിരുന്നു.പാകിസ്ഥാനിൽ താൻ ബന്ധപ്പെടുന്ന 10 പേരുടെ പേര്, കോഡ്, ഫോൺ നമ്പറുകൾ തുടങ്ങിയവയും ഇയാൾ പൊലീസിനു കൈമാറിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുരക്ഷ നൽകുന്ന വ്യക്തികളിൽ ഒരാളായ ഡോവൽ ഉറി സർജിക്കൽ സ്‌ട്രൈക്ക് മുതൽ പാക് ഭീകരസംഘടനകളുടെ നോട്ടപ്പുള്ളിയാണ്.
ഹിദായത് ഉല്ലാ മാലിക്ക്