uttarakhand

ന്യൂഡൽഹി : രണ്ട് മൃതദേഹങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയതോടെ ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരണസംഖ്യ 38 ആയി.170 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനത്തിനായി രണ്ടാം തുരങ്കം വരെ എത്തുന്ന കുഴിയുണ്ടാക്കിയെന്ന് ഐ.ടി.ബി.പി അറിയിച്ചു. ഇതിലൂടെ കാമറ ഇറക്കാൻ ശ്രമം നടക്കുകയാണ്. ഇന്നലെ റെയിനി ഗ്രാമത്തിന് മുകളിൽ രൂപപ്പെട്ട കൃത്രിമ തടാകത്തിൽ നിന്ന് വെള്ളം മറ്റൊരു വഴിയിലേക്ക് ഒഴുകി തുടങ്ങി. ഇതോടെ ദുരന്ത സാദ്ധ്യതയൊഴിഞ്ഞതായി ഐ.ടി.ബി.പി. ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. ഇതിനിടെ തുരങ്കത്തിൽ കുടുങ്ങിയ 34 പേരുടെ ബന്ധുക്കൾ എൻ.ടി.പി.സി. അധികൃതർക്കെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയത് നേരിയ സംഘർഷങ്ങൾക്കിടയാക്കി.

സംസ്ഥാനത്തെ ദുരന്ത സാദ്ധ്യതാ മേഖലകളിലുള്ള 385 ഗ്രാമങ്ങൾ മറ്റൊരു സ്ഥലത്തേക്ക് പുനഃസ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ച് ഗ്രാമങ്ങൾ പുനസ്ഥാപിക്കുന്നതിനായി 2.38 കോടി രൂപ അനുവദിച്ചു. 12 ജില്ലകളിലായുള്ള 385 ഗ്രാമങ്ങൾ പുനസ്ഥാപിക്കാൻ 10,​000 കോടി രൂപ ചെലവാകും.