akantoney

ന്യൂഡൽഹി: ബഡ്ജറ്റിൽ പ്രതിരോധ മേഖലയ്‌ക്ക് വേണ്ട വിഹിതം നൽകാതെയും അതിർത്തിയിൽ സ്വന്തം സ്ഥലങ്ങളിൽ നിന്ന് പിൻമാറി ചൈനയുമായി വിട്ടുവീഴ്ച ചെയ്‌തും നരേന്ദ്രമോദി സർക്കാർ ദേശസുരക്ഷയിൽ വെള്ളം ചേർത്തുവെന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആന്റണി ആരോപിച്ചു.

അതിർത്തിയിൽ നേരത്തെ പാകിസ്ഥാനിൽ നിന്ന് മാത്രമായിരുന്നു ഭീഷണിയെങ്കിൽ ഇപ്പോൾ ചൈനയും സംഘർഷാവസ്ഥയുണ്ടാക്കുന്നു. ചൈന അവരുടെ സേനയെ ആധുനികവത്കരിക്കുന്നുണ്ട്. സേനകൾക്കും സമാനമായ പരിഷ്‌കാരം ആവശ്യമാണ്. സേനകൾ പ്രതിരോധ ബഡ്ജറ്റിൽ അനിവാര്യമായ വർദ്ധന ആവശ്യപ്പെട്ടെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇത് സൈനികരോടുള്ള നീതികേടാണ്. സൈനികരുടെ അപേക്ഷ മാനിച്ച് ബഡ്ജറ്റിൽ ആവശ്യമായ വർദ്ധന വരുത്തണം.

20 സൈനികർ വീരമൃത്യു വരിച്ച ഗാൽവൻ താഴ്വരയിൽ പൂർണമായും ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പട്രോളിംഗ് പോയിന്റ് 14ൽ നിന്ന് പിന്മാറുകയും നമ്മുടെ സ്ഥലം ബഫർ സോണായി പ്രഖ്യാപിക്കുകയും ചെയ്‌തു. ചുഷൂൽ മേഖലയിലെ തന്ത്രപ്രധാനമായ കൈലാഷ് മലനിരകളിൽ നിന്ന് പാംഗോംഗ് തടാകത്തിന് വടക്ക് ഫിംഗർ നാലിൽ നിന്നും പിൻമാറാനുള്ള തീരുമാനവും മണ്ടത്തരമാണ്. ഇതോടെ മേഖലകളിൽ ഇന്ത്യയ്‌ക്കുള്ള മേധാവിത്വം ഇല്ലാതാകും. പാംഗോംഗിൽ ഫിംഗർ എട്ടുവരെ പട്രോളിംഗ് നടത്തിയിരുന്ന സൗകര്യവും ഫിംഗർ നാലിലെ പോസ്റ്റിന്റെ ആനുകൂല്യവും കളഞ്ഞുകുളിച്ച് ചൈനയ്‌ക്ക് കീഴടങ്ങി. ഇക്കാര്യങ്ങളിലെ വസ്‌തുതകൾ കേന്ദ്ര സർക്കാർ വിശദീകരിക്കണമെന്നും എ.കെ. ആന്റണി ആവശ്യപ്പെട്ടു.