
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർക്കെതിരെ വിവാദ പരാമർശം നടത്തിയ ഹരിയാന കൃഷിമന്ത്രി ജെ.പി. ദലാൽ മാപ്പ് പറഞ്ഞു.
കർഷക പ്രക്ഷോഭത്തിനിടെ മരിക്കുന്ന കർഷകരെക്കുറിച്ചുള്ള പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. 'പ്രക്ഷോഭത്തിൽ അല്ലാതെ അവർ വീട്ടിലായിരുന്നുവെങ്കിൽ മരിക്കില്ലേ? ഒന്നു രണ്ടുലക്ഷം പേരിൽ 200 ഓളം പേർ ആറുമാസത്തിനിടെ മരിക്കുന്നില്ലേ. ചിലർ ഹൃദയാഘാതം മൂലവും മറ്റുചിലർ അസുഖം മൂലവും മരിക്കുന്നു. അവരോട് എന്റെ സഹതാപം അറിയിക്കുന്നു' - ദലാലിന്റെ വാക്കുകൾ.
കർഷകരുടെ ക്ഷേമത്തിനായി താൻ പ്രതിജ്ഞാബദ്ധനാണെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും ദലാൽ പറഞ്ഞു.
പ്രക്ഷോഭത്തിനിടെ 200 ഓളം കർഷകരാണ് ഇതുവരെ മരിച്ചുവീണത്.