
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാനയിലെ കർണാലിൽ സംഘടിപ്പിച്ച മഹാ പഞ്ചായത്തിന് വൻ സ്വീകരണം. നൂറ് കണക്കിന് കർഷകരാണ് ഇന്ദ്രിയിലെ ധാന്യ കമ്പോളത്തിൽ ചേർന്ന പഞ്ചായത്തിൽ പങ്കെടുത്തത്. ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവ് രാകേഷ് ടികായത്ത്, ബി.കെ.യു സംസ്ഥാന പ്രസിഡന്റ് ഗുർനാം സിംഗ് ചാരുനി തുടങ്ങിയവർ പങ്കെടുത്തു. ബി.ജെ.പിയുടെ കപട രാജ്യസ്‌നേഹമല്ല കർഷകരുടേതെന്നും, രാജ്യത്തിന്റെ ഐക്യത്തിനും ശ്രേഷ്ഠതയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് കർഷകർ പ്രവർത്തിക്കുന്നതെന്നും സമരസമതി അറിയിച്ചു.
കർഷകസമരത്തിൽ ജീവത്യാഗം ചെയ്ത കർഷകരെക്കുറിച്ച് വ്യക്തമായ രേഖകളില്ലെന്നാണ് സർക്കാർ പാർലമെന്റിൽ പറഞ്ഞക്. എന്നാൽ രേഖകൾ തങ്ങളുടെ പക്കലുണ്ട്. സർക്കാരിന്റെ ഈ കഠിനഹൃദയത്വം തന്നെയാണ് ഇത്രയും ജീവനുകൾ പൊലിയാൻ കാരണമായത്. ബി.ജെ.പിയുടെ നാളുകൾ എണ്ണപ്പെട്ടു. സമരം തകർക്കാനുള്ള കേന്ദ്ര ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തി, രാജ്യത്തുടനീളം നടക്കുന്ന മഹാപഞ്ചായത്തുകളിലൂടെ കർഷകർ ഒരുമിക്കുകയാണെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തുടനീളം ഇന്നലെ രാത്രി മെഴുകുതിരികൾ കത്തിച്ചുകൊണ്ടുള്ള മാർച്ചുകളും സംഘടിപ്പിച്ചു.
ഗാന്ധിയുടെ ചെറുമകൾ സമരഭൂമിയിൽ
കഴിഞ്ഞ ദിവസം ഗാസിപ്പൂരിലെത്തിയ മഹാത്മാ ഗാന്ധിയുടെ ചെറുമകൾ താരാ ഗാന്ധി ഭട്ടാചാർജി(84) സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചു. കർഷകരോട് സമാധാനപരമായി സമരം തുടരണമെന്ന് ആവശ്യപ്പെട്ട താരാ ഗാന്ധി സമരത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമായല്ല താൻ കർഷകരെ സന്ദർശിച്ചതെന്നും ഇത്രയും കാലം എനിക്ക് ഭക്ഷണം തന്നവരെ കാണാനെത്തിയതാണെന്നും അവർ പറഞ്ഞു. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായതുമായി അവർ വേദി പങ്കിട്ടു.