
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാർഷിക ദിനമായ ഇന്നലെ വീരമൃത്യു വരിച്ച സൈനികർക്ക് ആദരമർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. '2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരരായ രക്തസാക്ഷികളെ നമിക്കുന്നു. അവരുടെ അസാധാരണമായ ധൈര്യവും പരമമായ ത്യാഗവും ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന്' അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി. ദേശീയ പ്രസിഡന്റ് ജെ.പി നദ്ദ, കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ സൈനികർക്ക് ആദരം അർപ്പിച്ചെത്തിയിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാരെ ഒരിക്കലും ഇന്ത്യ മറക്കില്ലെന്നാണ് രാജ്നാഥ് സിംഗ് അടക്കമുള്ളവർ കുറിച്ചത്.
2019 ഫെബ്രുവരി 14ന് പുൽവാമയിൽ വച്ച് സി.ആർ.പി.എഫ് വാഹന വ്യൂഹത്തിന് നേരെ സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. 40 പേർ വീരമൃത്യു വരിച്ചു.