prashantbhushan

ന്യൂഡൽഹി: രാജ്യത്തെ ജുഡീഷ്യറി ജീർണാവസ്ഥയിലാണെന്നും കോടതികളിൽ നീതി തേടി പോകുന്നവർ ഖേദിക്കേണ്ടിവരുമെന്നുമുള്ള മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ പരാമർശത്തെ പരിഹസിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ.

'ജുഡീഷ്യറിയെ ഇപ്പോഴത്തെ പതനത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഗൊഗോയ് ആണ്. സ്വന്തം പീഡനക്കേസിൽ വാദം കേട്ട ആളാണ് അദ്ദേഹം. റഫാൽ, അയോദ്ധ്യ കേസുകളിൽ സംശയാസ്‌പദമായ വിധികളും പുറപ്പെടുവിച്ചു. അസാമിൽ വ്യാജ എൻ.ആർ.സി പ്രക്രിയക്ക് തുടക്കമിടാൻ കാരണമായി. എന്നിട്ട് അദ്ദേഹം തന്നെ ജുഡീഷ്യറി ജീർണിച്ചെന്ന് പറയുന്നത് ദയനീയമാണ്.' പ്രശാന്ത് ഭൂഷൻ ട്വിറ്ററിൽ കുറിച്ചു.

രാജ്യസഭാംഗം കൂടിയായ ഗൊഗോയ് ഇന്ത്യാടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ് ജുഡീഷ്യറിയെ തരംതാഴ്ത്തി പറഞ്ഞത്. കൊവിഡ് മൂലം സർവ മേഖലയിലും തകർച്ച നേരിട്ടപ്പോഴും കേസുകളുടെ വർദ്ധനകൊണ്ട് ജുഡീഷ്യറി 'കുതിച്ചുകയറി'യതായും അദ്ദേഹം പരിഹസിച്ചിരുന്നു.