siddique-kappan

ന്യൂഡൽഹി: ഹാഥ്‌രസ് കൂട്ടബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ യു.എ.പി.എ ചുമത്തി യു.പിയിൽ ജയിലിലടച്ച മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രീംകോടതി അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. രോഗശയ്യയിലായ മാതാവിനെ കാണാൻ കർശന ഉപാധികളോടെയാണ് ജാമ്യം. മാതാവിനെയും ഡോക്ടറെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാൻ പാടുള്ളൂ, നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയുടെ ഉത്തരവാദിത്വം പൂർണമായും യു.പി പൊലീസിനായിരിക്കും. കാപ്പനെ പൊലീസ് അനുഗമിക്കും, സുരക്ഷ അടക്കം ഒരുക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കേരള പൊലീസ് ഒരുക്കണം, സാമൂഹികമാദ്ധ്യമങ്ങളിലൂടെ അടക്കം പ്രതികരിക്കാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയവയാണ് ജാമ്യനിർദ്ദേശങ്ങൾ.

കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ലിയു.ജെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കാപ്പന് വേണ്ടി ഹാജരായി. കാപ്പനെ രക്തസാക്ഷിയായാണ് കേരളത്തിൽ പലയിടത്തും ചിത്രീകരിച്ചിരിക്കുന്നതെന്നും പണപിരിവ് നടത്തുന്നുണ്ടെന്നും യു.പി സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം കോടി തള്ളി. വിലങ്ങുമായി കേരളം സന്ദർശിച്ച് തിരികെയെത്തിയ ഒരാൾ ഇന്ന് ബംഗളൂരു ജയിലിലുണ്ടെന്ന് അബ്ദുൾ നാസർ മദിനിയെ പരാമർശിച്ച സോളിസിറ്റർ ജനറലിനെ സുപ്രീംകോടതി താക്കീത് നൽകി. വീടിന് പുറത്തിറങ്ങരുതെന്ന് യു.പി പൊലീസ് ആവശ്യപ്പെട്ടെങ്കിലും കാപ്പനെ ജയിലിലേക്കല്ല അയയ്ക്കുന്നതെന്ന് കോടതി പ്രതികരിച്ചു.