justice-pb-sawant

ന്യൂഡൽഹി: സുപ്രീംകോടതി റിട്ട. ജഡ്ജിയും പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ മുൻ അദ്ധ്യക്ഷനുമായ ജസ്റ്റിസ് പി.ബി.സാവന്ത് (90) പുനെയിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 1995ൽ വിരമിച്ച അദ്ദേഹം ഒരു മാസം മുൻപ് രോഗശയ്യയിലാകും വരെ പൊതുകാര്യങ്ങളിൽ സജീവമായിരുന്നു. സംസ്കാരം ഇന്ന് നടക്കും.

1957ൽ അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹം പൊതുതാൽപര്യം മുൻനിർത്തിയുള്ള കേസുകളാണ് കൂടുതൽ പരിഗണിച്ചിരുന്നത്. ബോംബെ ഹൈക്കോടതിയിൽ 1973ൽ ജഡ്ജിയായി നിയമിതനായ ഇദ്ദേഹത്തിന് 1989ലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനകയറ്റം ലഭിക്കുന്നത്. 2002ലെ ഗുജറാത്ത് കൂട്ടകൊലക്കേസ് അന്വേഷിച്ച ജസ്റ്റിസ് വി.ആർ. കൃഷ്ണ അയ്യർ അദ്ധ്യക്ഷനായ ഇന്ത്യൻ പീപ്പിൾസ് ട്രിബ്യൂണിൽ അംഗമായിരുന്നു. മഹാരാഷ്ട്രയിൽ 2003ൽ കോൺഗ്രസ് മന്ത്രിമാർ ഉൾപ്പെട്ട അഴിമതി കേസ് അന്വേഷിച്ചത് സാവന്ത് അദ്ധ്യക്ഷനായ കമ്മിഷനാണ്. 2017 ഡിസംബർ 31ന് എൽഗാർ പരിഷത്ത് എന്ന പേരിൽ ശനിവർ വാഡയിൽ സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം. ആരോഗ്യകാരണങ്ങളാൽ സാവന്തിന് അന്ന് പരിപാടിയിൽ പങ്കെടുക്കാനായില്ല. ഈ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു ഭീമാ കൊറേഗാവ് കേസ് ഉയർന്നുവന്നത്. ഭീമ കൊറേഗാവിൽ 2018 ജനുവരി ഒന്നിന് നടന്ന അക്രമസംഭവങ്ങൾക്ക് കാരണമായത് എൽഗാർ പരിഷത്ത് യോഗമാണെന്നുമായിരുന്നു കുറ്റപത്രം.