
ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ദിശ രവിയെ വിട്ടയക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരവേ, നിയമാവകാശങ്ങൾ നിഷേധിച്ചെന്ന വാദവുമായി നിയമ വിദഗ്ദ്ധർ.
ദിശയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായിരുന്നില്ല. ആ സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമായിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിർന്ന അഭിഭാഷക റബേക്ക ജോൺ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ട്രാൻസിറ്റ് വാറണ്ടില്ലാതെയാണ് കൊണ്ടുപോയത്.
ഒരു അക്രമത്തിനും ആഹ്വാനം ചെയ്യാത്ത ടൂൾ കിറ്റിന്റെ പേരിലുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകരായ കോളിൻസ് ഗോൺസാലസും സൗരഭ് കൃപാലും ചൂണ്ടിക്കാട്ടി.
ഗ്രെറ്റയുടെ നേതൃത്വത്തിൽ കാലാവസ്ഥ വ്യതിയാനം തടയുന്നതിനു നടപടികൾ ആവശ്യപ്പെട്ട് നടത്തുന്ന 'ഫ്രൈഡേ ഫോർ ഫ്യൂച്ചർ' കൂട്ടായ്മയുടെ ഇന്ത്യയിലെ പ്രമുഖയായ ദിശ ബിരുദ പഠനം കഴിഞ്ഞ് ഭക്ഷ്യോൽപന്ന കമ്പനിയിൽ മാനേജരാണ്.