
ന്യൂഡൽഹി : ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവി, കർഷക സമരത്തിനിടെ അറസ്റ്റിലായ ദളിത് നേതാവ് നൗദീപ് കൗർ എന്നിവരെ കേന്ദ്ര സർക്കാർ നിരുപാധികം വിട്ടയക്കണമെന്ന് ആൾ ഇന്ത്യ കിസാൻ സഭയും സംയുക്ത കിസാൻ മോർച്ചയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കർഷക സമരത്തെ അനുകൂലിക്കുന്നവരെ തിരിഞ്ഞുപിടിച്ച് ആക്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് ഈ അറസ്റ്റുകൾ. നീതി നിഷേധം ഭരണഘടനാ വിരുദ്ധമാണ്. അതിക്രമങ്ങൾക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ജനാതിപത്യ രീതികളിലൂടെ നേരിടും. പൊലീസ് കസ്റ്റഡിയിൽ നൗദീപ് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം. അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നവരുടെ ട്വിറ്റർ അടക്കമുള്ള സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ നിരോധിക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. കൊളോണിയൽ കാലത്തെയും അടിയന്തരാവസ്ഥയേയും അനുസ്മരിപ്പിക്കുന്നതാണ് കേന്ദ്രത്തിന്റെ നയങ്ങൾ. ഇന്ത്യയിൽ മണ്ഡി സംവിധാനത്തിനടക്കം തുടക്കം കുറിച്ച ശ്രീ ചോട്ടുറാമിന്റെ അനുസ്മര ദിനമായ ഇന്ന് രാജ്യത്തുടനീളം യോഗങ്ങൾ കൂടി അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ച് കർഷകർക്കിടയിലും ജനങ്ങൾക്കിടയിലും പ്രചരണം നടത്തണമെന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു.
ട്രാക്റ്റർ റാലി :വീണ്ടും അറസ്റ്റ്
റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമസംഭവങ്ങളിൽ ഒരാളെ കൂടി ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഇക്ബാൽ സിംഗ് എന്നയാളെ പഞ്ചാബിലെ ഹൊഷിയാർപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം, ഉത്തർപ്രദേശിലെ സഹറൻപുരിൽ കർഷകർ സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തു. കോൺഗ്രസിന്റെ ജയ് ജവാൻ ജയ് കിസാൻ എന്ന 10 ദിവസ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക മഹാപഞ്ചായത്തിലെത്തിയത്.
രാജ്യദ്രോഹികൾ എന്ന് വിളിക്കുന്ന കേന്ദ്ര സർക്കാരാണ് യത്ഥാർത്ഥ രാജ്യദ്രോഹികൾ എന്ന് പ്രിയങ്ക പറഞ്ഞു. മഹാപഞ്ചായത്ത് നേരിടാൻ സഹറൻപുരീൽ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിന് കർഷകരുടെ മനസറിയാൻ കഴിയുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. ആന്തോളൻ ജീവി എന്ന് വിളിച്ച് പ്രധാനമന്ത്രി കർഷകരെ അപമാനിച്ചുവെന്ന് പ്രിയങ്ക വിമർശിച്ചു.