sc-of-india

ന്യൂഡൽഹി :ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും സമ്പാദ്യത്തെക്കാൾ ജനങ്ങളുടെ സ്വകാര്യതയാണ് വലുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.. ബോബ്‌ഡെ. വാട്‌സ് ആപ്പിന്റെ പുതിയ സ്വകാര്യതാനയം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. വാട്‌സ് ആപ്പ് സന്ദേശങ്ങൾ ഫേയ്‌സ്ബുക്കിൽ പങ്കുവയ്ക്കുന്നു എന്നതാണ് സ്വകാര്യനയം മാറ്റം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മാദ്ധ്യമ വാർത്തകളിൽ നിന്ന് മനസിലാക്കുന്നു. യു.കെ.അടക്കമുള്ള രാജ്യങ്ങളിലെ വാട്‌സ് ആപ്പിന്റെ സ്വകാര്യതാനയത്തിന് വ്യത്യസ്തമായ നയമാണിത്.

നിങ്ങൾക്ക് 3 ട്രില്യൺ മൂല്യമുള്ള കമ്പനികളുണ്ടാകാം പക്ഷേ ജനങ്ങൾക്ക് തങ്ങളുടെ സ്വകാര്യതയെക്കുറിച്ച് ആശങ്കയുണ്ടെന്ന് അഭിപ്രായപ്പെട്ട് കോടതി പുതിയ സ്വകാര്യ നയം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഐ.ടി.മന്ത്രാലയം , വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ പ്രത്യേകനിയമം ഉള്ളതിനാലാണ് അവിടെ വ്യത്യസ്തമായ സ്വകാര്യതാനയമെന്ന് വാട്‌സ്ആപ്പിനും ഫേയ്‌സ്ബുക്കിനും വേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. ഇന്ത്യയിൽ പുതിയ നയം ഉണ്ടായാൽ അത് പാലിക്കാൻ തയ്യാറാണെന്ന് രേഖാമൂലം ഉറപ്പു നൽകാമെന്നും കമ്പനികൾ അറിയിച്ചു. ഡൽഹി കോടതിയിലടക്കം നിലനിൽക്കുന്ന ഹർജികളെ കൂടി ഉൾപ്പെടുത്തി ഈ വിഷയം ഭരണഘടനാ ബെഞ്ചിന് വിടുന്നതിനെക്കുറിച്ചും ആലോചിക്കാമെന്ന് കോടതി വാക്കാൽ പരാമർശിച്ചു.