uttarakhand-tragedy

ന്യൂഡൽഹി: ഇന്നലെ 4 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ ഉത്തരാഖണ്ഡ് ദുരന്തത്തിൽ ആകെ മരിച്ചവരുടെ എണ്ണം 54 ആയി. തപോവൻ ജല വൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്നലത്തെ തെരച്ചിലിൽ 22 ശരീരഭാഗങ്ങൾ കൂടി വിവിധയിടങ്ങളിൽ നിന്ന് ലഭിച്ചതായി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന ഐ.ടി.ബി.പി. സംഘം അറിയിച്ചു. ലഭിച്ച 54 മൃതദേഹങ്ങളിൽ 29 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തത്തിൽപ്പെട്ട് കാണാതായെന്ന് അറിയിച്ച 55 തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ ഡി.എൻ.എ. ശേഖരിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടിനും ഡി.എൻ.എ പരിശോധനയ്ക്കും ശേഷം ശരീരങ്ങൾ വിട്ടുനൽകും. 179 മിസിംഗ് കേസുകളാണ് ജോഷിമഠ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 150 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറയുന്നു. തുരങ്കത്തിനുള്ളിലെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ മരിച്ച തൊഴിലാളികൾക്ക് നഷ്ടപരിഹാരം എത്തിക്കാനുള്ള നടപടികൾ എൻ.ടി.പി.സി. വേഗത്തിലാക്കി. 20 ലക്ഷം രൂപമാണ് നഷ്ടപരിഹാരമായി നൽകുക. മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് കേന്ദ്രം 4 ലക്ഷവും ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.