kas


ന്യൂഡൽഹി : പുതുതായി രൂപീകരിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ സംവരണ വ്യവസ്ഥകൾ തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് പി.എസ്.സി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സംവരണം നീതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാരിന്റെ വാദം വിശദമായി കേൾക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മൂന്നാഴ്ചയ്ക്കുള്ളിൽ നിലപാട് വ്യക്തമാക്കാൻ ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാന സർക്കാരിന് നിർദേശം നൽകി. സർക്കാർ അഭിഭാഷകൻ അധികസമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. ഇനി സമയം നീട്ടിനൽകില്ലെന്ന് കോടതി പറഞ്ഞു.

സർക്കാർ ഉദ്യോഗസ്ഥർക്ക് കെ.എ.എസിൽ വീണ്ടും സംവരണം നൽകുന്നത് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ സമസ്ത നായർ സമാജവും ചില ഉദ്യോഗാർത്ഥികളും നൽകിയ ഹർജിയിലാണ് പി.എസ്.സിയുടെ ഈ സത്യവാങ്മൂലം.

നിയമന മാനദണ്ഡങ്ങൾ, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പി.എസ്.സി ബോധിപ്പിച്ചു. സർവീസ് ചട്ടങ്ങളുമായി ബന്ധപ്പെട്ട് പൊതുതാത്പര്യ ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി വിധിയും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ രണ്ട് ആഴ്ചത്തെ സമയം ഹർജിക്കാർക്കും അനുവദിച്ചു. അന്തിമവാദത്തിനായി ആറാഴ്ച കഴിഞ്ഞ് പരിഗണിക്കും.