
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹം ചുമത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത. രാജ്യത്തെ ഏത് പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത് അക്രമാസക്തമാകാത്തിടത്തോളം പ്രതിഷേധത്തിനെതിരെ കേസെടുക്കാനാവില്ലെന്നും ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ജസ്റ്റിസ് വ്യക്തമാക്കി.
ദിശ രവിക്കെതിരെയുള്ള കേസ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരാണ്. പൊതു ഇടങ്ങളിൽ ലഭ്യമായ ടൂൾകിറ്റ് ഞാൻ വായിച്ചിരുന്നു. ടൂൾകിറ്റിൽ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായ ഒന്നുമില്ല. ഒരാൾക്ക് പ്രതിഷേധങ്ങളെ പിന്തുണയ്ക്കുകയോ പിന്തുണയ്ക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ചുള്ള അജ്ഞത മൂലമാണ്. 1962ലെ കേദാർസിംഗ് വേഴ്‌സസ് ബിഹാർ സർക്കാർ കേസിൽ പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കലാപത്തിനും അക്രമത്തിനും പൊതുജീവിതത്തിന്റെ ഭംഗത്തിനും ഇടവരുത്തിയതിനാലാണ്. എന്നാൽ ടൂൾകിറ്റ് കേസിൽ ഇത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.