
മാർച്ച് 15ന് ഡൽഹി പാട്യാല ഹൗസ് കോടതിയിൽ ഹാജരാകണം
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ 2016 ഫെബ്രുവരിയിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്ന കേസിൽ കനയ്യ കുമാർ, ഉമർ ഖാലിദ്, അനിർബൻ ഭട്ടാചാര്യ തുടങ്ങിയവരുൾപ്പെടെ 10 പേർക്ക് ഡൽഹി പാട്യാല ഹൗസ് കോടതി സമൻസ് അയച്ചു. മാർച്ച് 15ന് ഇവർ കോടതിയിൽ ഹാജരാകണം. കേസിൽ ഡൽഹി പൊലീസ് സമർപ്പിച്ച 1200 പേജുള്ള കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. അക്വൂബ് ഹുസൈൻ, മുജീബ് ഹുസൈൻ ഗാട്ടൂ, മുനീബ് ഹുസൈൻ ഗാട്ടൂ, ഉമർ ഗുൽ, റയീസ് റസൂൽ, ബഷാറത്ത് അലി, ഖാലിദ് ബഷീർ ഭട്ട് എന്നിവരാണ് കേസിൽ ഉൾപ്പെട്ട മറ്റുള്ളവർ.
2016 ഫെബ്രുവരി 9ന് ജെ.എൻ.യുവിലെ സബർമതി ധാബയിൽ സംഘടിപ്പിച്ച പരിപാടിയിൽ പാർലമെന്റ് ആക്രമണക്കേസിലെ സൂത്രധാരൻ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ഇവർ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചെന്നാണ് ആരോപണം. കേസിൽ അറസ്റ്റിലായ കനയ്യ അടക്കമുള്ളവരെ പിന്നീട് കോടതി ജാമ്യത്തിൽ വിടുകയായിരുന്നു.