
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുമ്പ് ഖലിസ്ഥാൻ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ നേതാവ് മോ ദലിവാൽ, അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവി തുടങ്ങിയവർ പങ്കെടുത്ത സൂം വീഡിയോ മീറ്റിംഗിൽ പങ്കെടുത്തെന്ന് കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ടൂൾ കിറ്റ് ഗൂഢാലോചന കേസിൽ കുറ്റാരോപിതയായ മുംബയിലെ മലയാളി അഭിഭാഷക നികിത ജേക്കബ് സമ്മതിച്ചു.
അതേസമയം സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗുമായി ഒരു വിവരവും പങ്കുവച്ചിട്ടില്ല. കർഷക സമരവുമായി ബന്ധപ്പെട്ട മുഴുവൻ ചിത്രവും അന്താരാഷ്ട്രതലത്തിലുള്ളവർക്ക് ഒറ്റയടിക്ക് മനസിലാക്കാനായി നികിത അംഗമായ പരിസ്ഥിതി സംഘടനയായ 'എക്‌സിറ്റിംഗ്ഷൻ റെബല്യൺ ഇന്ത്യ" സന്നദ്ധപ്രവർത്തരകരാണ് ടൂൾ കിറ്റ് തയാറാക്കിയത്. അക്രമത്തിന് പ്രേരിപ്പിക്കുന്നതൊന്നും ഈ ഡോക്യുമെന്റുകളിലില്ല. ടൂൾ കിറ്റ് എഡിറ്റ് ചെയ്തതിലും പ്രചരിപ്പിച്ചതിലും മതപരമോ, രാഷ്ട്രീയമോ, സാമ്പത്തികമോ ആയ ലക്ഷ്യങ്ങളോ അജണ്ടകളോ ഇല്ലെന്നും നികിതയുടെ അഭിഭാഷകൻ മുംബയ് പൊലീസിന് നൽകിയ രേഖകളിൽ വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ഇതിന് പിന്നാലെ ജനുവരി 11ന് നടന്ന സൂം മീറ്റിംഗിൽ പങ്കെടുത്ത 70 പേരുടെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് വീഡിയോ കാൾ ആപ്പായ സൂമിന് കത്ത് നൽകി. ഡിസംബറിൽ രൂപീകരിച്ച ഇന്റർനാഷണൽ ഫാർമേഴ്‌സ് സ്‌ട്രൈക്ക് വാട്‌സാപ്പ് ഗ്രൂപ്പിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അതേസമയം നികിതയുടെ ട്രാൻസിറ്റ് ജാമ്യത്തിൽ ഇന്ന് ബോംബെ ഹൈക്കോടതി വിധി പറയും. അതുവരെ അറസ്റ്റ് ചെയ്യില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഒപ്പം കുറ്റാരോപിതനായ മഹാരാഷ്ട്ര ബീഡ് സ്വദേശിയായ ആക്ടിവിസ്റ്റ് ശാന്തനു മുൾക്കിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പത്തു ദിവസത്തെ മുൻകൂർ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചു.
ടൂൾ കിറ്റിൽ അക്രമത്തിന് ആഹ്വാനമില്ല
ഡൽഹിയിലാണ് കേസ് എന്നതിനാൽ അവിടുത്തെ കോടതിയെ സമീപിക്കാനായി നാലാഴ്ച ട്രാൻസിറ്റ് ജാമ്യം അനുവദിക്കണമെന്നാണ് നികിത ബോംബെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എഫ്.ഐ.ആറിന്റെ പകർപ്പ് ലഭ്യമാക്കണമെന്നും നികിതയ്ക്കായി മുതിർന്ന അഭിഭാഷകൻ മിഹിർ ദേശായി കോടതിയിൽ ആവശ്യപ്പെട്ടു. ഖലിസ്ഥാനുമായി ബന്ധമില്ലാത്ത യുവ അഭിഭാഷകയും ആക്ടിവിസ്റ്റുമായ നികിതയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുമെന്ന ആശങ്കയുണ്ട്. ടൂൾ കിറ്റിൽ അക്രമത്തിന് ആഹ്വാനമില്ല. ചെങ്കോട്ട കൈയടക്കാനും നിർദ്ദേശമില്ല. കർഷക സമരത്തെ പിന്തുണയ്ക്കണമെന്നതുമാത്രമാണ് ടൂൾകിറ്റിൽ പറയുന്നത്. രാഷ്ട്രീയ പകപോക്കലോടെയുള്ള അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പീറ്റർ ഫ്രെഡറിക്കിന്റെ പങ്കും അന്വേഷണത്തിൽ
ടൂൾ കിറ്റുമായി ബന്ധപ്പെട്ട് അമേരിക്ക കേന്ദ്രീകരിച്ചുള്ള ഫ്രീലാൻസ് ജേർണലിസ്റ്റ് പീറ്റർ ഫ്രെഡറിക്കിന് പങ്കുണ്ടെന്നാരോപിച്ച് ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി. ഖലിസ്ഥാനെ സജീവമായി പിന്തുണയ്ക്കുന്നയാളാണ് പീറ്ററെന്നാണ് പൊലീസ് പറയുന്നത്.
ഐ.എസ് അനുകൂലിയായ ഇക്ബാൽ ചൗധരി എന്ന ഭജൻ സിംഗ് ഭിന്ദറുമായി അടുപ്പമുള്ള ഇയാളെ 2006 മുതൽ നിരീക്ഷിക്കുന്നുണ്ട്. എങ്ങനെയാണ് പീറ്ററിന്റെ പേര് ടൂൾ കിറ്റിൽ പരാമർശിക്കപ്പെട്ടതെന്ന് ദിശയ്ക്കും ഒപ്പമുള്ളവർക്കും പറയാൻ കഴിയുമെന്നുമാണ് പൊലീസ് പറയുന്നത്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകൻ മോ ദലിവാൽ വഴിയാണോ ഫ്രെഡറിക്കിനെ ഇവർ ബന്ധപ്പെട്ടതെന്നും അന്വേഷിക്കുന്നുണ്ട്.
ഇന്ത്യ ലോകത്തിനായി പി.പി.ഇ കിറ്റുകൾ തയാറാക്കുമ്പോൾ ചിലർ ഇന്ത്യക്കാർക്കെതിരെ ടൂൾ കിറ്റ് തയാറാക്കുന്ന തിരക്കിലാണ്. ലജ്ജാകരം.
-കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത്