uttarakhand

ന്യൂഡൽഹി: നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചതോടെ ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 58 ആയി. 146 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഐ.ടി.ബി.പി അധികൃതർ വ്യക്തമാക്കുന്നു.

മിന്നൽ പ്രളയത്തിൽ ചെളി വന്നു മൂടിയ എൻ.ടി.പി.സിയുടെ തപോവൻ - വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതി തുരങ്കത്തിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോൾ കണ്ടെടുത്ത മൃതദേഹങ്ങൾ, ദുരന്തമുണ്ടായപ്പോൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരുടേതാകാമെന്നാണ് എൻ.ടി.പി.സി അധികൃതർ പറയുന്നത്.

കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങളടക്കം 300 പേരാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. എന്നാൽ പ്രതീക്ഷകൾക്കെടുത്തി മൃതദേഹങ്ങളും ശരീരഭാഗങ്ങളും മാത്രമാണ് കഴിഞ്ഞ മൂന്ന് ദിവസമായി കണ്ടെടുക്കുന്നത്. ശ്വാസം മുട്ടിയാണ് മരണങ്ങളെല്ലാമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നിട്ടുണ്ട്. 30 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ഇതിനിടെ അപകടം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.