
ന്യൂഡൽഹി: പത്തുമാസത്തിലേറെയായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് അയവുവരുത്തി കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാക തീരത്ത് നിന്നുള്ള ഇന്ത്യാ- ചൈന സേനാ പിന്മാറ്റം ഉടൻ പൂർത്തിയാകുമെന്ന് റിപ്പോർട്ട്. മറ്റു പ്രശ്‌നങ്ങൾ പരിഹരിക്കാൻ സീനിയർ കമാൻഡർമാരുടെ പത്താംവട്ട ചർച്ച തുടങ്ങും. പാംഗോങ് മേഖലയിൽ നിന്നുള്ള പിന്മാറ്റം ചൈന വേഗത്തിലാക്കിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. സ്ഥിതി ഗതികൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
എട്ടു മണിക്കൂറിനിടെ 200 ചൈനീസ് ടാങ്കുകൾ പിൻവാങ്ങിയെന്നാണ് റിപ്പോർട്ട്. ഇരു കരകളിലും 2020 ഏപ്രിൽ മുതൽ ഇരുപക്ഷവും നടത്തിയ നിർമ്മാണങ്ങൾ നീക്കി പഴയ സ്ഥിതി പുനഃസ്ഥാപിക്കാനുള്ള ധാരണ നടപ്പാക്കുന്നതിന്റെ ഭാഗമായി ഇവിടെ സ്ഥാപിച്ച ഹെലിപ്പാഡ്, ടെന്റുകൾ, നിരീക്ഷണ കേന്ദ്രങ്ങൾ എന്നിവ ചൈന പൊളിച്ചു നീക്കി.
യഥാർത്ഥ നിയന്ത്രണ രേഖയിൽ സംഘർഷം തുടങ്ങും മുമ്പുള്ള നില പുനഃസ്ഥാപിക്കാൻ ജനുവരി 24ന് നടന്ന ഒമ്പതാം കമാൻഡർതല ചർച്ചയിലാണ് കരാറായത്. ഫെബ്രുവരി 10 മുതലാണ് പിന്മാറ്റം തുടങ്ങിയത്.