
ന്യൂഡൽഹി: മാദ്ധ്യമപ്രവർത്തക പ്രിയരമണി ഉന്നയിച്ച മീ ടൂ ലൈംഗിക ആരോപണത്തിനെതിരെ മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. പ്രിയരമണിയെ കുറ്റവിമുക്തയാക്കിയ കോടതി, പീഡനം നടന്ന് പതിറ്റാണ്ടുകൾ പിന്നിട്ടാലും ഒരു സ്ത്രീക്ക് പരാതി ഉന്നയിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി. ഡൽഹി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ പാണ്ഡേയുടേതാണ് വിധി.
'സമൂഹത്തിൽ ഉന്നത പദവിയുണ്ടെന്നതു കൊണ്ട് ഒരാൾ സ്ത്രീകളെ പീഡിപ്പിക്കില്ലെന്ന് പറയാനാകില്ല. ലൈംഗിക അതിക്രമം സ്ത്രീകളുടെ അന്തസിനെയും ആത്മവിശ്വാസത്തെയും ബാധിക്കുന്നതാണ്. സ്ത്രീകളുടെ അന്തസിന് ഒരാളുടെ കീർത്തിയെക്കാൾ വിലയുണ്ട്. അതിക്രമങ്ങൾക്ക് വിധേയരാകുന്ന സ്ത്രീകളുടെ മാനസികാവസ്ഥ സമൂഹം മനസിലാക്കണം. അതിക്രമങ്ങളും പീഡനവും ഏല്പിക്കുന്ന ശാരീരിക വേദനയെക്കാൾ മാരകമാണ് മനസിനേല്ക്കുന്ന മുറിവ്.
കാലങ്ങളോളം അത് നീണ്ടു നിന്നേക്കാം. അതിൽ നിന്ന് മുക്തമായി പതിറ്റാണ്ടുകൾക്ക് ശേഷം വേണമെങ്കിലും അവർക്ക് ഇഷ്ടമുള്ള മാദ്ധ്യമങ്ങളിലൂടെ തുറന്നു പറച്ചിൽ നടത്താം. അതൊരു സ്ത്രീയുടെ അവകാശമാണ്. അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തുന്ന സ്ത്രീകളെ ശിക്ഷിക്കുകയല്ല വേണ്ടത്. ഇന്ത്യയിലെ സ്ത്രീകൾക്ക് ആവശ്യം തുല്യതയാണെന്നും' കോടതി ഉത്തരവിൽ പറയുന്നു. പുരാണത്തിൽ സീതയ്ക്കെതിരായ അതിക്രമം തടയാൻ ജഡായുവെത്തിയതിനെക്കുറിച്ചും ഉത്തരവിൽ പരാമർശിച്ചു.
മുതിർന്ന അഭിഭാഷക റെബേക്ക ജോണാണ് പ്രിയയ്ക്കായി കേസ് വാദിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന അക്ബറിനതിരെ 2018 ഒക്ടോബറിലാണ് മീ ടൂവിന്റെ ഭാഗമായി പ്രിയ അടക്കമുള്ള മാദ്ധ്യമപ്രവർത്തകർ ലൈംഗിക അതിക്രമ ആരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് അക്ബർ തന്റെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ രമണിക്കെതിരെ മാനനഷ്ടക്കേസ് നൽകുകയായിരുന്നു.
എന്റെ സത്യസന്ധത കോടതി തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ട്.
- പ്രിയാരമണി