
ന്യൂഡൽഹി: ടൂൾ കിറ്റ് കേസിൽ മലയാളി അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് ബോംബെ ഹൈക്കോടതി 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ മൂന്നാഴ്ചത്തേക്ക് ട്രാൻസിറ്റ് ജാമ്യം അനുവദിച്ചു. കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിലായതിനാൽ ജാമ്യത്തിനായി അവിടത്തെ കോടതിയെ സമീപിക്കാനാണിത്.
നികിതയ്‌ക്കൊപ്പം ഡൽഹി കോടതി ജാമ്യമില്ലാവാറണ്ട് പുറപ്പെടുവിച്ച ആക്ടിവിസ്റ്റ് ശാന്തനു മുൾക്കിന് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പത്തുദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ ജസ്റ്റിസ് പി.ഡി. നായിക്ക് ചൂണ്ടിക്കാട്ടി.
മുംബയിൽ സ്ഥിരതാമസക്കാരിയാണ് നികിത. കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലും. ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന ആശങ്ക ഹർജിക്കാരിക്കുണ്ട്. അതിനാൽ മറ്റൊരു സംസ്ഥാനത്ത് ജാമ്യത്തിനായി സമീപിക്കാനുള്ള കാര്യങ്ങൾ നടത്താനായി താത്കാലികമായ ഒരു കാലയളവിലേക്ക് അറസ്റ്റിൽ നിന്ന് പരിരക്ഷ നൽകേണ്ടതുണ്ട്. നികിത ഒളിവിലാണെന്ന വാദവും കോടതി അംഗീകരിച്ചില്ല.
നികിതുടെ മൊഴി രേഖപ്പെടുത്തിയതായും അവരുടെ ലാപ് ടോപ്പും മറ്റു ഡോക്യുമെന്റുകളും പിടിച്ചെടുത്തതായും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
കർഷക സമരവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ പ്രതിഛായ തകർക്കാൻ പരിസ്ഥിതി പ്രവർത്തക ദിഷ രവി, ശാന്തനു മുൾക്ക് എന്നിവർക്കൊപ്പം നികിത ജേക്കബും ടൂൾകിറ്റ് തയാറാക്കിയെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. ദിഷ രവിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.