farmers

ന്യൂഡൽഹി: ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിലൂടെ കർഷക സമരം ജാട്ട് ഭൂരിപക്ഷ മേഖലകളിലേക്കും പടർന്നതോടെ ബി.ജെ.പി ദേശീയ നേതൃത്വം പ്രാദേശിക നേതാക്കളുമായി തിരക്കിട്ട കൂടിയാലോചനകൾ തുടങ്ങി. ചൊവ്വാഴ്ച ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, ഹരിയാന, രാജസ്ഥാൻ, യു.പി സംസ്ഥാനങ്ങളിലെ നേതാക്കളുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറും പശ്ചിമയു.പിയിലെ മുസഫർനഗറിൽ നിന്നുള്ള ജാട്ട് വിഭാഗത്തിൽ നിന്നുള്ള സഹമന്ത്രി സഞ്ജീവ് ബല്യാനും യോഗത്തിൽ പങ്കെടുത്തു. ഇന്നലെ പശ്ചിമ യു.പിയിലെ നേതാക്കൾ സഞ്ജീവ് ബല്യാനെ പ്രത്യേകമായും കണ്ടു. അതിനിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിയും ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

കർഷക സമരത്തിന് അനുകൂലമായി നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ ഈ മേഖലകളിലെ കുറഞ്ഞത് 40 ലോക്‌സഭാ സീറ്റുകളെ ബാധിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
കർഷക നേതാക്കളുടെ നേതൃത്വത്തിൽ വ്യാപകമായി വൻ ജനപങ്കാളിത്തത്തോടെ നടക്കുന്ന കിസാൻ മഹാപഞ്ചായത്തുകൾ ബി.ജെ.പിക്കെതിരായ രോഷമായി മാറുന്നതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി ആലോചിക്കുന്നത്.

ഖാപ്പ് നേതാക്കളെ കണ്ട് തെറ്റിദ്ധാരണ നീക്കാനാണ് നേതാക്കൾ നൽകിയ നിർദ്ദേശം.

ബി.ജെ.പിയുടെ കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ജില്ലകളിലും ഗ്രാമങ്ങളിലും വിശദീകരണ യോഗങ്ങൾ ചേരും. കർഷക നിയമങ്ങളുടെ നേട്ടങ്ങൾ വ്യാപകമായി പ്രചരിപ്പിക്കും.
ഗാസിപ്പൂർ അതിർത്തി ഒഴിപ്പിക്കാനുള്ള യു.പി സർക്കാർ ശ്രമത്തിന് പിന്നാലെ ജനുവരി 27ന് രാകേഷ് ടിക്കായത്ത് വികാരഭരിതനായി സംസാരിച്ചതോടെയാണ് കർഷക സമരം ജാട്ട് മേഖലയിലേക്ക് പടർന്നത്. ജാട്ടുകൾക്ക് പുറമെ മുസ്‌ലിം, ദളിത് വിഭാഗങ്ങളും മഹാപ‌ഞ്ചായത്തുകളിലേക്ക് എത്തുകയാണ്.

ട്രെയിൻ തടയൽ ഇന്ന്

കർഷക സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ട്രെയിൻ തടയൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലു വരെ രാജ്യവ്യാപകമായി നടക്കും. സമരകേന്ദ്രമായ ഡൽഹിയിൽ റെയിൽ ഉപരോധമുണ്ടാകില്ല. സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ റെയിൽവേ ചില ട്രെയിനുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.