shabnam

ഷബ്‌നത്തെ തൂക്കിലേറ്റുന്നത് മഥുര ജയിലിൽ

7 ബന്ധുക്കളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ആരാച്ചാർ നിർഭയ പ്രതികളെ തൂക്കിലേറ്റിയ പവൻ


ന്യൂഡൽഹി : സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ ഉത്തർപ്രദേശിലെ മഥുര ജയിലിൽ പൂർത്തിയാവുന്നു. പ്രണയത്തെ എതിർത്ത മാതാപിതാക്കളെ അടക്കം ഏഴ് പേരെ കാമുകനുമായി ചേർന്ന് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ഷബ്‌നത്തെയാണ് തൂക്കിലേറ്റുന്നത്. മരണ വാറന്റ് പുറപ്പെടുവിച്ചു. നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റിയ പവൻ ജല്ലാദാണ് ആരാച്ചാർ. ശിക്ഷ നടപ്പാക്കുന്ന തീയതി തീരുമാനിച്ചിട്ടില്ല.

പ്രണയത്തിനായുള്ള ക്രൂരത

ഉത്തർപ്രദേശിലെ അംരോഹയിൽ ഭവൻഖേദി ഗ്രാമത്തിലാണ് 2008 ഏപ്രിൽ 14ന് രാത്രിയിൽ രാജ്യത്തെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറിയത്. അയൽവാസിയായ സലീമുമായുള്ള പ്രണയം തടഞ്ഞതാണ് ഷബ്‌നത്തെ പ്രകോപിപ്പിച്ചത്. സലിമും ശബ്‌നവും ചേർന്ന് കുടുംബാംഗങ്ങൾക്ക് പാലിൽ മയക്കുമരുന്നു നൽകിയ ശേഷമായിരുന്നു കൊടുംക്രൂരത. അച്ഛൻ ഷൗക്കത്ത്, അമ്മ ഹാഷ്‌മി, സഹോദരങ്ങളായ അനീസ്, റഷീദ്, സഹോദരി റാബിയ, സഹോദരി ഭർത്താവ് അൻജും, ദമ്പതികളുടെ മകൻ അർഷ് എന്നിവരാണ് കോടാലിക്കിരയായത്. രണ്ടു വർഷത്തെ വിചാരണയ്ക്ക് ശേഷം അംരോഹ കോടതി 2010 ജൂലായിൽ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. ലക്‌നൗ കോടതിയും സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. ദയാഹർജി രാഷ്‌ട്രപതി തള്ളി. ഷബ്‌നം ബറേലിയിലെ ജയിലിലും സലിം ആഗ്രയിലെ ജയിലിലുമാണ് കഴിയുന്നത്.

വനിത ജയിലിലെ ആദ്യ വധശിക്ഷ

സ്ത്രീകളെ തൂക്കിലേറ്റാനുള്ള രാജ്യത്തെ ഏക ജയിൽ മഥുരയിലാണ്. 1870ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണിത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒരു വനിതയെയും തൂക്കിലേറ്റിയിട്ടില്ല. ജല്ലാദ് ജയിലിലെത്തി രണ്ടു തവണ നടപടിക്രമങ്ങൾ പരിശോധിച്ചു. ചില്ലറ അറ്റകുറ്റപ്പണികൾ നിർദേശിച്ചു. ബിഹാറിലെ ബുക്‌സറിൽ നിന്നാണ് തൂക്കുകയർ എത്തിക്കുന്നത്.