
ന്യൂഡൽഹി: ജില്ലാ മജിസ്‌ട്രേറ്റുമാർക്കും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും കൂടുതൽ അധികാരം നൽകി 2015ലെ ജുവൈനൽ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നൽകി. ചൈൽഡ് വെൽഫയർ കമ്മിറ്റികളിൽ അംഗങ്ങളെ നിയമിക്കുന്നതിന് മുൻപ് അവരുടെ പശ്ചാത്തലവും വിദ്യാഭ്യാസയോഗ്യതയും നിർബന്ധമായും പരിശോധിക്കും. നിലവിൽ ഇത്തരത്തിൽ പ്രത്യേക നിർദ്ദശം ഉണ്ടായിരുന്നില്ല.
ഓരോ ജില്ലയിലും ജുവനൈൽ നിയമം നടപ്പാക്കുന്ന ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള കൂടുതൽ അധികാരം ജില്ലാ മജിസ്‌ട്രേറ്റിനും എ.ഡി.എമ്മിനും ലഭിക്കും. ജില്ലാ ശിശുസംരക്ഷണവിഭാഗം ജില്ലാ മജിസ്‌ട്രേറ്റിന് കീഴിലാക്കും.
ശിശുക്ഷേമസമിതികളുടെ പ്രവർത്തനം ജില്ലാ മജിസ്‌ട്രേറ്റിന് സ്വതന്ത്രമായി വിലയിരുത്താം. ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പശ്ചാത്തലവും ശേഷിയും ജില്ലാ മജിസ്‌ട്രേറ്റ് പരിശോധിച്ച ശേഷം മാത്രമേ രജിസ്‌ട്രേഷനായി സംസ്ഥാന സർക്കാരിന് ശുപാർശ ചെയ്യുകയുള്ളൂ. കുട്ടികളുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാനും ജില്ലാ മജിസ്‌ട്രേറ്റിനും എ.ഡി.എമ്മിനും അധികാരമുണ്ടാകും.