
ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗിക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി, കേസ് നടപടികൾ അവസാനിപ്പിച്ചു. ജുഡീഷ്യൽ തലത്തിലും ഭരണതലത്തിലും രഞ്ജൻ ഗൊഗോയി എടുത്ത കർശന നടപടികൾ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്ന നിഗമനത്തിലാണ് ജസ്റ്റിസ് കൗൾ ഉൾപ്പെട്ട മൂന്നംഗ ബെഞ്ചിന്റെ തീരുമാനം.
സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായി സുപ്രീംകോടതി 2019ൽ നിയോഗിച്ച റിട്ട. ജസ്റ്റിസ് എ.കെ. പട്‌നായികിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. അസാം എൻ.ആർ.സി കേസിൽ ഗോഗോയി എടുത്ത കടുത്ത നിലപാട് അദ്ദേഹത്തിനെതിരായ ഗൂഢാലോചനയ്ക്ക് കാരണമായിട്ടുണ്ടാകാമെന്ന് ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ അറിയിച്ചു.
പീഡന പരാതി ഉന്നയിച്ചിട്ട് ഒരു വർഷവും 9 മാസവും കഴിഞ്ഞിരിക്കുന്നു. കേസിലെ ഇലക്‌ട്രോണിക് തെളിവുകൾ ശേഖരിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അതിനാൽ കേസ് തുടരേണ്ടതില്ലെന്നും മുദ്ര വച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജസ്റ്റിസ് പട്‌നായിക് നൽകിയ റിപ്പോർട്ട് മുദ്ര വച്ച കവറിൽ തന്നെ സൂക്ഷിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
2019ൽ ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരെ സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയായിരുന്നു പീഡനപരാതിയുമായി രംഗത്തെത്തിയത്. അഭിഭാഷകനായ ഉത്സവ് ബെയിൻസിന്റെ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.