
ന്യൂഡൽഹി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിൽ നടപടിക്രമങ്ങളിലെ ക്രമക്കേടിനെ തുടർന്ന് പ്രവേശനം റദ്ദാക്കപ്പെട്ട 55 കുട്ടികൾക്ക് അധികൃതർ 15.73 കോടി രൂപ ഉടൻ നൽകാനും തിരിച്ചു കിട്ടേണ്ട തുക സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന തൊണ്ണൂറോളം പേർക്കായി 25 കോടി രൂപ സർക്കാരിൽ കെട്ടിവയ്ക്കാനും സുപ്രീംകോടതി ഉത്തരവ്. ഇതു ചെയ്തില്ലെങ്കിൽ അടുത്ത അദ്ധ്യയനവർഷവും കോളേജിന് അംഗീകാരം നൽകില്ല.
കോളേജിലെ 2016- 2017 വർഷത്തെ പ്രവേശനമാണ് അനധികൃതമെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയത്. വിദ്യാർത്ഥികൾക്ക് മാനേജ്‌മെന്റ് ഇരട്ടി ഫീസ് തിരിച്ചു നൽകാനും ഉത്തരവിട്ടു. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് പുതിയ ഉത്തരവ്.
പ്രവേശനം റദ്ദാക്കപ്പെട്ടവരിൽ 55 വിദ്യാർത്ഥികൾക്ക് 23.25 കോടി രൂപ മാനേജ്‌മെന്റ് മടക്കി നൽകണമെന്ന ഫീസ് നിർണയ സമിതിയുടെ ഉത്തരവ് ഹൈക്കോടതി നേരത്തേ ഭേദഗതി ചെയ്താണ് 15.73 കോടിയാക്കിയത്. ഈ തുക അടിയന്തരമായി കൈമാറാനാണ് ജസ്റ്റിസുമാരായ അബ്ദുൽ നസീർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചത്.
തൊണ്ണൂറോളം വിദ്യാർത്ഥികൾ ഫീസ് സംബന്ധിച്ച ഒത്തുതീർപ്പ് കരാറിൽ ഒപ്പു വച്ചതായി ഫീസ് നിർണയസമിതിയെ മാനേജ്‌മെന്റ് അറിയിച്ചിരുന്നു. എന്നാൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കരാറിൽ ഒപ്പുവച്ചതെന്ന് വ്യക്തമാക്കി വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. കരാറിൽ ഒപ്പു വച്ച സാഹചര്യത്തിൽ ഫീസ് പുനർനിർണയിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിദ്യാർത്ഥികൾക്ക് എത്ര രൂപ മടക്കി നൽകണമെന്ന് ഫീസ് നിർണയസമിതിക്ക് രേഖകൾ പരിശോധിച്ച് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.