
ന്യൂഡൽഹി: മാതാപിതാക്കൾ അടക്കം ഏഴ് പേരെ വെട്ടികൊലപ്പെടുത്തിയതിന് ഉത്തർപ്രദേശിലെ മഥുര ജയിലിൽ തൂക്കുകയർ കാത്തുകഴിയുന്ന ഷബ്‌നത്തിന്റെ തെറ്റ് പൊറുക്കണമെന്നാവശ്യപ്പെട്ട് പന്ത്രണ്ടുകാരനായ മകൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാഹർജി നൽകി. തനിക്ക് അമ്മയല്ലാതെ ആരുമില്ലെന്നും അതിനാൽ അമ്മയ്ക്ക് മാപ്പ് നൽകണമെന്നാണ് മകന്റെ അപേക്ഷ.
അയൽവാസിയായ സലീമുമൊത്തുള്ള വിവാഹത്തിന് എതിരു നിന്നതിനാണ് 2008ൽ ഷബ്നവും സലീമും ചേർന്ന് ഷബ്‌നത്തിന്റെ ഏഴംഗ കുടുംബത്തെ കൊലപ്പെടുത്തിയത്. അന്ന് ഷബ്‌നം ഗർഭിണിയായിരുന്നു. ജയിലിൽ വച്ച് ആൺകുഞ്ഞിനെ പ്രസവിച്ചു. ആറ് വയസുവരെ മാത്രമേ അമ്മയ്‌ക്കൊപ്പം ജയിലിൽ കഴിയാൻ അനുവദിക്കൂവെന്നതിനാൽ 2015ൽ കുഞ്ഞിനെ ജയിലിൽ നിന്ന് മാറ്റി. കോളേജിൽ ഷംനത്തിന്റെ ജൂനിയറും സുഹൃത്തുമായ ഉസ്മാൻ സെയ്ഫിക്കൊപ്പമാണ് കുട്ടി വളർന്നത്. പറഞ്ഞയച്ചു. ബുലന്ദ്ഷഹറിൽ മാദ്ധ്യമപ്രവർത്തകനാണ് ഉസ്മാൻ. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന തന്നെ കോളേജിൽ പഠിക്കുമ്പോൾ ഷബ്‌നം ഫീസ് അടക്കം തന്ന് സഹായിച്ചിട്ടുണ്ടെന്നും ഷബ്‌നം ശേഷം കൊലപാതകിയായി എന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഉസ്മാൻ പറയുന്നു. ഒരു അദ്ധ്യാപികയായ തനിക്ക് കുഞ്ഞിന്റെ വിഷമങ്ങളും ആവശ്യങ്ങളും മനസിലാക്കാൻ കഴിയുന്നുണ്ടെന്ന് ഉസ്മാന്റെ ഭാര്യ വന്ദന സിംഗ് പറഞ്ഞു.
അമ്മയെ ഇടയ്ക്കിടെ ജയിലിൽ കാണാൻ പോകാറുള്ള മകൻ അമ്മ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും അമ്മയുടെ കരുതലിൽ നിന്നും സംരക്ഷണത്തിൽ നിന്നും തന്നെ പറിച്ചെടുക്കരുതെന്നുമാണ് രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചിരിക്കുന്നത്. രാഷ്ട്രപതി അടക്കം ദയാഹർജി തള്ളിയതിനാലാണ് ഷബ്‌നത്തെ തൂക്കിലേറ്റാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നത്.