
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ പാംഗോങ് തടാകക്കരയിൽ നിന്നുള്ള സേനാപിൻമാറ്റ ധാരണയിൽ ഇന്ത്യയുടെ ഭൂമിചൈനയ്‌ക്ക് അടിയറവച്ചെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം സൈന്യം തള്ളി. സേനാപിൻമാറ്റ ധാരണ വൻവിജയമാണെന്നും ഇന്ത്യയ്ക്ക് ഒന്നും നഷ്ടമായിട്ടില്ലെന്നും വടക്കൻ ആർമി കമാൻഡർ ലെഫ്. ജനറൽ വൈ.കെ. ജോഷി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഫിംഗർ നാലിനും എട്ടിനും ഇടയിൽ പട്രോളിംഗ് രഹിത മേഖലയായി അംഗീകരിച്ചതിലൂടെ ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചെന്ന് തെറ്റിദ്ധാരണ സൃഷ്‌ടിക്കുകയാണ്. പാംഗോങ് തടകാത്തിന്റെ വടക്കൻ തീരത്ത് ഇന്ത്യ അവകാശമുന്നയിക്കുന്ന ഫിംഗർ എട്ടിനും പിറകിലേക്ക് ചൈന പിൻമാറിയത് വൻ വിജയമാണ്. ഫിംഗർ നാലുവരെ ചൈനയുടെ സൈനിക പ്രവർത്തനങ്ങൾ ഒഴിവായി.
ഫിംഗർ എട്ടിന്റെ ഭാഗത്തും അവർ പട്രോളിംഗ് നടത്തില്ല. ഫിംഗർ നാലിനും എട്ടിനും ഇടയിൽ ഇന്ത്യ അവകാശപ്പെടുന്ന ഭൂമിയിൽ കഴിഞ്ഞവർഷം ഏപ്രിൽ മുതൽ നിർമ്മിച്ച കിടങ്ങുകൾ, ബങ്കറുകൾ, ടെന്റുകൾ തുടങ്ങിയ നിർമ്മാണങ്ങൾ മുഴുവൻ ചൈന പൊളിച്ച് നീക്കി. ഈ മേഖല ഒഴിയാൻ അവർ കൂട്ടാക്കിയിരുന്നില്ല. എന്നാൽ തെക്കൻ തീരത്ത് കൈലാസ് റേഞ്ചിൽ ഇന്ത്യ സ്വാധീനമുറപ്പിച്ച് ടാങ്കുകൾ വിന്യസിച്ചു. ഇത് മുൻപ് ചിന്തിക്കാൻ പോലും സാധിക്കാതിരുന്നതാണ്. തുടർന്നാണ് ചൈന ചർച്ചകളിലേക്ക് വന്നത്. നമ്മുടെ വ്യവസ്ഥകളിൽ ചർച്ചചെയ്യാൻ അവർ നിർബന്ധിതരായി. വടക്കൻ തീരത്ത് മുന്നോട്ടുകയറിയ ചൈനയുടെ പിൻമാറ്റത്തിന് വിലപേശാനാണ് അവിടെ നാം നിലയുറപ്പിച്ചത്. ആ ആവശ്യം നേടി. അതിനാൽ ആ കുന്നുകളിൽ നിന്ന് ഇന്ത്യ പിന്മാറുന്നത് രാജ്യത്തിന് തിരിച്ചടിയാകില്ല. സേനാപിന്മാറ്റം സുഗമമാണ്. എല്ലാദിവസവും പിന്മാറ്റം നിരീക്ഷിച്ച് ധാരണ നടപ്പാക്കുന്നത് ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തിന് ഫിംഗർ നാലിൽ നിന്ന് മൂന്നിലേക്ക് മാറിയെന്നും സേന കഠിനാദ്ധ്വാനത്തിലൂടെ പിടിച്ചെടുത്ത കൈലാസ് റേഞ്ചിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടത് എന്തിനാണെന്നും അതുകൊണ്ട് എന്ത് നേട്ടമെന്നുമായിരുന്നു രാഹുലിന്റെ വിമർശനം.