disha-ravi

 മൂന്ന് ചാനലുകൾക്ക് നോട്ടീസ്

ന്യൂഡൽഹി: സ്വകാര്യവാട്‌സാപ്പ് സന്ദേശങ്ങൾ മാദ്ധ്യമങ്ങൾക്ക് ഡൽഹി പൊലീസ് ചോർത്തി നൽകുന്നുവെന്നാരോപിച്ച് ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവി നൽകിയ ഹർജി ഇന്ന് വീണ്ടും ഡൽഹി ഹൈക്കോടതി പരിഗണിക്കും. ഹർജിയിൽ ടൈംസ് നൗ, ന്യൂസ് 18, ഇന്ത്യ ടുഡേ ചാനലുകൾക്കും ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഇതുസംബന്ധിച്ച് സത്യവാങ്മൂലം നൽകുമെന്നും മേത്ത വ്യക്തമാക്കി. എന്നാൽ വ്യക്തിവിവരങ്ങൾ എങ്ങനെ ചാനലുകൾക്ക് ലഭിച്ചെന്ന് ദിശയുടെ അഭിഭാഷകൻ തിരിച്ചടിച്ചു.

തന്റെ സ്വകാര്യ വാട്സാപ്പ് ചാറ്റുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണം. ചട്ടങ്ങൾ ലംഘിച്ച് ഇവ സംപ്രേഷണം ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ നടപടി വേണം. അന്വേഷണവസ്തുക്കൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകുന്നത് നിയമവിരുദ്ധമാണ്. ഡൽഹി പൊലീസിന്റെ നടപടി മൗലികവകാശത്തിന്റെ ലംഘനമാണ്. സ്വകാര്യതാ ലംഘനത്തിന് മാദ്ധ്യമങ്ങൾക്കെതിരെ നടപടിയെടുക്കാൻ വാർത്താവിതരണ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. തന്നെ ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തത്. ട്രാൻസിറ്റ് റിമാൻഡ് പൊലീസ് വാങ്ങിയില്ല, അഭിഭാഷകനെ അനുവദിച്ചില്ലെന്നും കോടതിയിൽ ചൂണ്ടിക്കാട്ടി.