
അടുത്തത് ട്രാക്ടറിൽ കൊൽക്കത്തയിലേക്ക്
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടന്ന നാലുമണിക്കൂർ ട്രെയിൻ തടയൽ സമരം സമാധാനപരം. വിവിധ സംസ്ഥാനങ്ങളിൽ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരം ശക്തമായ പഞ്ചാബ്, ഹരിയാന, യു.പി, ഉത്തരാഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തിന്റെ ഭാഗമായി.
പശ്ചിമബംഗാളിൽ 77 സ്റ്റേഷനുകളിലും ജാർഖണ്ഡിൽ 65, തെലങ്കാനയിൽ 55, ഒഡിഷയിൽ 30, ആന്ധ്രയിൽ 23, രാജസ്ഥാനിൽ 21, കർണാടകയിൽ 9, മദ്ധ്യപ്രദേശിൽ 11, ത്രിപുരയിൽ 5, മഹാരാഷ്ട്രയിൽ 5 സ്റ്റേഷനുകളിലും ട്രെയിൻ ഉപരോധം നടന്നു.
കേരളത്തിൽ എല്ലാ ജില്ലകളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം നടന്നു. ഡൽഹിയെ പ്രതിഷേധത്തിൽ നിന്നൊഴിവാക്കിയിരുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് നാലുവരെയായിരുന്നു പ്രതിഷേധം.
സമരം സാരമായി ബാധിച്ചില്ലെന്ന് റെയിൽവെ വക്താവ് അറിയിച്ചു. സമാധാനപരമായി സമരം നടന്നു. എല്ലാ സോണുകളിലും ട്രെയിൻ സർവീസുകൾ സാധാരണനിലയിലാണെന്നും വക്താവ് പറഞ്ഞു.
നേരത്തെ 25 ട്രെയിനുകളുടെ സർവീസ് റെയിൽവെ നിയന്ത്രിച്ചിരുന്നു.
കിസാൻസഭ ജോ.സെക്രട്ടറി ബാഗൽ സരോജ്, ജില്ലാ സെക്രട്ടറി അഖിലേഷ് യാദവ് എന്നിവർ ഉൾപ്പെടെ നൂറോളം പേരെ ഗ്വാളിയോറിൽ അറസ്റ്റ് ചെയ്തു. ബീഹാറിൽ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ലല്ലൻ ചൗധരി അറസ്റ്റിലായി. തെലങ്കാനയിലും സംസ്ഥാന സെക്രട്ടറി ടി.സാഗർ ഉൾപ്പെടെ 500ഓളം കിസാൻസഭ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. കർണാടകയിലെ കോലാറിലും സമരക്കാർക്കെതിരെ പൊലീസ് നടപടിയുണ്ടായി.
ട്രെയിൻ തടയൽ സമരത്തിന്റെ വിജയം കേന്ദ്രസർക്കാരിനെതിരായ മുന്നറിയിപ്പാണെന്നും പ്രധാനമന്ത്രി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും അഖിലേന്ത്യ കിസാൻ സഭ പ്രസ്താവനയിൽ പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ആവർത്തിച്ചു. അടുത്ത ലക്ഷ്യം കൊൽക്കത്തയിലേക്ക് ട്രാക്ടർ റാലി നടത്തുകയെന്നതാണ്. പുതിയ നിയമങ്ങൾ രാജ്യത്തെ ചെറുകിട, ഇടത്തരം കർഷകരെ മാത്രമല്ല വൻകിട കർഷകരെയും തകർക്കും. വിളവെടുപ്പും സമരവും ഒരുപോലെ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.