esi

ന്യൂഡൽഹി: താമസസ്ഥലത്തിന് 10 കി.മീ ചുറ്റളവിൽ ഇ.എസ്.ഐ ആശുപത്രിയില്ലെങ്കിൽ ഗുണഭോക്താവിന് ഇ.എസ്.ഐ കോർപറേഷനിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിൽ സൗജന്യമായി ചികിത്സ തേടാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഗുണഭോക്താക്കളുടെ എണ്ണത്തിൽ വന്ന വർദ്ധനയും കൂടുതൽ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. 10 കി.മീ ചുറ്റളവിൽ ഇ.എസ്.ഐ ആശുപത്രിയോ ഡിസ്പെൻസറിയോ ഇൻഷ്വറൻസ് മെഡിക്കൽ പ്രാക്ടീഷണറോ ഇല്ലെങ്കിലാണ് ഈ ആനുകൂല്യം.

എംപാനൽ ചെയ്ത ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ നിന്ന് പണമൊന്നും അടയ്ക്കാതെ ചികിൽസ തേടാം. ഇ.എസ്.ഐ കാർഡോ, ഹെൽത്ത് കാർഡോ ആധാറിനൊപ്പം സമർപ്പിക്കണം. മരുന്നിന് പണം നൽകേണ്ടിവന്നാൽ സമീപ ഇ.എസ്.ഐ ഡിസ്പെൻസറിയിൽ നിന്നോ ബ്രാഞ്ച്-റീജിയണൽ ഓഫീസിൽ നിന്നോ റീഇമ്പേഴ്സ് ചെയ്യാം. കിടത്തിച്ചികിത്സ വേണ്ടിവന്നാൽ ബന്ധപ്പെട്ട സ്വകാര്യ ആശുപത്രി 24 മണിക്കൂറിനകം ഇ.എസ്.ഐയിൽ നിന്ന് ഓൺലൈനായി അനുമതി വാങ്ങി സൗജന്യ ചികിത്സ ഉറപ്പാക്കണം.