
''ഉന്നാവോയിൽ പീഡനത്തിനിരയായ പെൺകുട്ടിയെ ഓർമ്മയുണ്ടോ? '' ഉത്തർപ്രദേശിലെ ഉന്നാവോയിലെത്തി ഇത്തരമൊരു ചോദ്യം ചോദിച്ചാൽ കിട്ടുന്ന മറുപടി ''ഏത് പെൺകുട്ടി?'' എന്നാകും. കാരണം ആകെ 4558 ചതുരശ്ര കിലോമീറ്ററിന് താഴെ വിസ്തൃതിയിൽ രണ്ടുലക്ഷത്തിന് താഴെ മനുഷ്യർ ജീവിക്കുന്ന ഉന്നവോ എന്ന ജില്ലയിൽ ഓരോ ഗ്രാമത്തിലുമുണ്ട് പീഡനങ്ങൾക്കിരയായ, അല്ലെങ്കിൽ ഇപ്പോഴും ചൂഷണങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന പെൺകുട്ടികൾ. കഴിഞ്ഞ ദിവസവുമുണ്ടായി ഇത്തരമൊരു ക്രൂരസംഭവം. ഒരു ഗ്രാമത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. കന്നുകാലികൾക്ക് പുല്ല് മുറിക്കാൻ പോയതായിരുന്നു ഇവർ. രാത്രിയോടെ രണ്ടുപേരെ മരിച്ച നിലയിലും ഒരാളെ മൃതപ്രായയായ നിലയിലും ഗോതമ്പ് പാടത്തിൽ കണ്ടെത്തി. പീഡിപ്പിക്കുക മാത്രമല്ല മൃഗങ്ങൾ പോലും ചെയ്യാത്ത കൊടും ക്രൂരതകൾക്ക് വിധേരാക്കി ഇവരെ കൊല്ലുകയും ചെയ്തു. പ്രായപൂർത്തിയായതോ അല്ലാത്തതോ , അവരെല്ലാം ദളിതരാണെന്നതിൽ മറുപക്ഷമില്ല. വെറും പതിനൊന്നു മാസത്തിനിടെയിൽ 86 പീഡനക്കേസുകൾ ഒരു ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ കാര്യത്തിന്റെ ഗൗരവം ഊഹിക്കാവുന്നതല്ലേയുള്ളൂ!!
ആദ്യമായി പുറത്തേക്ക് കേട്ട നിലവിളി
ദളിത് പീഡനങ്ങളുടെ വിളനിലമാണ് യു.പിയിലെ ഉന്നാവോ. മന:സാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങൾ കാലാകാലമായി അരങ്ങേറുന്നു. പൊലീസും രാഷ്ട്രീയക്കാരും തമ്മിലുള്ള അന്തർധാര സജീവമായതിനാൽ നീതിതേടി ആരും നിയമത്തിന്റെ മുന്നിലേക്കെത്തില്ല. 2018 ലാണ് ആദ്യമായി ഉന്നാവോയിൽ നിന്നൊരു നിലവിളി രാജ്യത്തെ ഞെട്ടിച്ചത്. ബി.ജെ.പി . മുൻ എം.എൽ.എ. കുൽദീപ് സിംഗ് സെൻഗറിനെതിരെ പരാതിയുമായി ദളിത് പെൺകുട്ടി നടത്തിയ വെളിപ്പെടുത്തലുകൾ മന:സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. പതിനേഴുകാരിയായ പെൺകുട്ടിക്ക് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥലം എം.എൽ.എ. ആയ കുൽദീപ് സിംഗ് സെൻഗറും സഹോദരനും ചേർന്ന് 2017 ജൂണിൽ 10 ദിവസമാണ് പീഡനത്തിന് ഇരയാക്കിയത്. ശേഷം മരിക്കാറായ പെൺകുട്ടിയെ തൊട്ടടുത്ത ഓറിയ ഗ്രാമത്തിൽ തള്ളി. ആശുപത്രിയിൽ പെൺകുട്ടി കുൽദീപിന്റെ പേര് പറഞ്ഞു. എഫ്.ഐ.ആർ. എടുക്കാൻ പോലും പൊലീസ് തയാറായില്ല.
പൊലീസ് കേസെടുക്കാതെ വന്നതോടെ സ്വയം തീകൊളുത്തി മരിക്കാൻ 2018ൽ മുഖ്യമന്ത്രി ആദിത്യനാഥിന്റെ വീട്ടുപടിക്കലെത്തി പെൺകുട്ടി. സംഭവം ദേശീയശ്രദ്ധയിലെത്തിയെങ്കിലും പീഡനങ്ങളിൽ നിന്ന് ഏൽക്കേണ്ടി വന്ന നഷ്ടത്തിന്റെ എത്രയോ ഇരട്ടിയായിരുന്നു അവരെ പിന്നീട് കാത്തിരുന്നത്. പെൺകുട്ടിയുടെ പിതാവിനെ എം.എൽ.എയുടെ സഹോദരൻ അതുൽ സിംഗ് അതിക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ ഇയാളെ അനുവാദമില്ലാതെ ആയുധം കൈയിൽ വച്ചെന്ന കുറ്റം ചുമത്തി ഏപ്രിൽ നാലിന് പൊലീസ് ജയിലിലടച്ചു.
തൊട്ടടുത്ത ദിവസം പൊലീസ് കസ്റ്റഡിയിലിരിക്കെ അച്ഛൻ മരിച്ചു. ഇതോടെ കേസെടുത്ത പൊലീസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ടു. സെൻഗറിന്റെ സഹോദരൻ അതുൽ ഉൾപ്പടെ അഞ്ചുപേരെ പ്രതികളാക്കി ഉന്നാവ് കേസിൽ ആദ്യത്തെ കുറ്റപത്രം സി.ബി.ഐ. സമർപ്പിച്ചു. 2019 ജൂലായ് നാലിന് 19 വർഷം പഴക്കമുള്ള കേസിൽപ്പെടുത്തി പെൺകുട്ടിയുടെ അമ്മാവനെ ജില്ലാക്കോടതി 10 വർഷത്തെ ശിക്ഷയ്ക്ക് വിധിച്ചു. എം.എൽ.എയുടെ സഹോദരൻ അതുൽ സിങ് നൽകിയ കേസായിരുന്നു ഇത്. 2018 ജൂലായ് 28ന് അമ്മാവനെ സന്ദർശിച്ച് മടങ്ങി വരുന്ന വഴിയിൽ പെൺകുട്ടിയും വക്കീലും രണ്ട് അമ്മായിമാരും സഞ്ചരിച്ചിരുന്ന കാറിൽ നമ്പർപ്ലേറ്റ് മറച്ച ട്രക്ക് വന്നിടിച്ചു. രണ്ട് അമ്മായിമാരും സംഭവസ്ഥലത്ത് മരിച്ചു. ഇതിൽ ഒരാൾ കേസിലെ ദൃക്സാക്ഷിയാണ്. വക്കീലും ആശുപത്രിയിൽ മരണത്തിന് കീഴടങ്ങി. പെൺകുട്ടി ഗുരുതരമായി പരിക്കേറ്റ് കിംഗ് ജോർജ്സ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
2019ൽ ഡൽഹി തീസ് ഹസാരി കോടതി കുൽദീപിനെ കുറ്റക്കാരനെന്ന് വിധിച്ച് ജീവപര്യന്തം ശിക്ഷയ്ക്കും ഉത്തരവിട്ടെങ്കിലും ഗ്രാമത്തിൽ കയറാൻ പോലും അവസ്ഥയാണ് പെൺകുട്ടിക്ക്. ഡൽഹിലാണ് പെൺകുട്ടി അഭയം പ്രാപിച്ചിരിക്കുന്നത്. നിയമം പ്രതിയുടെ കൈപ്പിടിയിലാണെന്ന് അലഹാബാദ് ഹൈക്കോടതിക്കു പോലും പറയേണ്ടി വന്ന കേസാണ് ഇതെന്നതും ശ്രദ്ധേയം. ഇത്രയൊക്കെ നേരിട്ട പെൺകുട്ടിയുടെ കഥ നാട്ടിലെ പെൺകുട്ടികൾക്ക് പക്ഷേ പ്രചോദനമല്ല ഭീതിയാണ് പകർന്നു നൽകുന്നതെന്ന് നാട്ടുകാർ പറയുന്നു. തനിക്ക് നേരിട്ട അതിക്രമം തുറന്നു പറഞ്ഞതിന് കുടുംബത്തിന്റെ വേരുപോലും അറുത്തുമാറ്റിയുള്ള സവർണ പീഡനം. പൊലീസും ഭരണകൂടവും ഇതിന് കുടപിടിക്കുന്നു.
കണക്കുകൾ കണക്കാണ് !
പതിനൊന്നു മാസത്തിനടെ 86 പീഡനക്കേസുകൾ, 185 പീഡനശ്രമങ്ങൾ, പീഡനത്തിന് ഇരയായവരെല്ലാം ദളിത് സ്ത്രീകളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും. 2019 ജനുവരി നവംബർ വരെയുള്ള ഉന്നാവോ ജില്ലയിലെ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത്.
2020 ജനുവരിയിൽ ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഓരോ രണ്ടുമണിക്കൂറിലും ഉത്തർപ്രദേശിൽ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നു. അതിൽത്തന്നെ ഓരോ ഒന്നര മണിക്കൂറിലും ഓരോ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയാകുന്നു.
2018ൽ മാത്രം 4,322 ബലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതായത് ദിവസം ചുരുങ്ങിയത് 12 എണ്ണം. ഇതിൽ 144 എണ്ണം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ്. 2015 നും 2019നും ഇടയിൽ 9,700 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പീഡനത്തിനിരയായതെന്ന് യു.പി. സർക്കാർ കഴിഞ്ഞ 2019 ഡിസംബറിൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ആകെ 1,105 കേസുകളിലാണ് പ്രതികളെ പിടികൂടാനായത്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ അതിക്രമം ഏറ്റവും കൂടുതൽ നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്ന് 2018 ലെ കണക്കുകൾ വ്യക്തമാക്കുന്നു.
ജാതീയമായും സാമ്പത്തികമായുമുള്ള വേർതിരിവുകൾ നിലനിൽക്കുന്ന യു.പിയിൽ അതിക്രമങ്ങളിൽ പൊറുതിമുട്ടി പരാതിപ്പെട്ടാലും കേസെടുക്കാൻ വിസമ്മതിക്കുന്ന ഒരു വിഭാഗം പൊലീസുകാരുണ്ടെന്നതാണ് ദയനീയം. ഉന്നാവോയിലെ പീഡനക്കേസുകൾ ഇതിന് ഉദാഹരണമാണ്. സ്ത്രീകൾക്കെതിരെ സ്ഥിരമായി അതിക്രമങ്ങൾ നടത്തുന്നവരെ സമൂഹത്തിൽ തുറന്നുകാട്ടാനായി 'ഓപ്പറേഷൻ ദുരാചാരി, പൂവാലശല്യത്തിൽ നിന്നു രക്ഷിക്കാൻ 'ആന്റി–റോമിയോ സ്ക്വാഡുകൾ' യുപി സർക്കാർ രൂപീകരിച്ചിരുന്നു. എന്നിട്ടും അതിക്രമത്തിൽ കുറവൊന്നുമുണ്ടായില്ലെന്നാണ് എൻ.സി.ആർ.ബി റിപ്പോർട്ട് (2018).
ബലാൽസംഗം ചെയ്യപ്പെട്ടു എന്ന് പറയുന്നത് അഭിമാനക്ഷതമായ കാര്യമായി കരുതുന്നതിനാൽ എത്രയോ ദളിതർ ഇങ്ങനെയുള്ള ആക്രമണം നേരിട്ടിട്ടും പുറത്തുപറയാൻ തയ്യാറാകുന്നില്ലന്നാണ് ദളിത് ആക്ടിവിസ്റ്റുകൾ പറയുന്നത്. ഇതും സവർണ വിഭാഗത്തിൽപ്പെട്ട ആക്രമികൾക്ക് ആശ്വാസകരമായി തോന്നുന്നു.'' ദളിത് സ്ത്രീകളുടെ ശരീരത്തിന്മേൽ തങ്ങൾക്ക് അവകാശമുണ്ടെന്നാണ് പല സവർണ വിഭാഗക്കാരുടെയും തോന്നൽ, എന്നുമാത്രമല്ല, ഇത്തരം ആക്രമണം നടത്തിയാലും സവർണർക്കെതിരെ പലപ്പോഴും പരാതി കൊടുക്കാൻ അവർണർ തയ്യാറാവാത്തതിന് കാരണം ജാതിയാണെന്ന് '' പ്രശസ്ത കോളമിസ്റ്റ് ശിവം വിജ് പറയുന്നു. ജാതിയല്ല ബലാൽസംഗങ്ങൾക്ക് കാരണമെന്ന് പറയുന്നത് അത്തരമൊരു അവസ്ഥയെ മറച്ചുപിടിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച് അതിനെ സംരക്ഷിച്ചു നിറുത്താൻ വേണ്ടി കൂടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കാലികൾക്ക് സംരക്ഷണമൊരുക്കാൻ കുറുവടിയും വാളുമായി റോഡിലിറങ്ങുന്നവർ നാട്ടിലെ പെണ്ണുങ്ങൾക്ക് സുരക്ഷയൊരുക്കാൻ ഒന്നും ചെയ്യുന്നില്ലെന്നല്ലാതെ എന്താണ് യു.പിയെക്കുറിച്ച് പറയുക.