
ന്യൂഡൽഹി: കൊവിഡ് സുഖപ്പെടുത്താൻ പതഞ്ജലിയുടെ 'കൊറോനിൽ' മരുന്നിന് കഴിയുമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയവും ലോകാരോഗ്യ സംഘടനയും സാക്ഷ്യപ്പെടുത്തിയതായി കമ്പനി മേധാവി ബാബാ രാംദേവ്.
മരുന്ന് വിപണിയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് 'തെളിവുകളുടെ അടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത ആദ്യമരുന്നാണ്' കൊറോണിൽ എന്ന അവകാശവാദവുമായി പതഞ്ജലി രംഗത്തെത്തിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതു സംബന്ധിച്ച ഗവേഷണ രേഖകളും രാംദേവ് പുറത്തുവിട്ടു.
ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് മരുന്ന് നിർമിച്ചിരിക്കുന്നതെന്നാണ് പതഞ്ജലി അവകാശപ്പെടുന്നത്. മരുന്ന് 158 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്ന് ആയുഷ് മന്ത്രാലയത്തിലെ സി.പി.പി (സർട്ടിഫിക്കറ്റ് ഒഫ് ഫാർമസ്യൂട്ടിക്കൽ പ്രൊഡക്ട്സ് ) നിന്നും അനുമതി ലഭിച്ചെന്ന് രാംദേവ് പറയുന്നു.
കഴിഞ്ഞ ജൂൺ 23നാണ് കൊവിഡ് ചികിത്സയ്ക്കുള്ള ആയുർവേദ മരുന്നെന്ന് അവകാശപ്പെട്ട് കൊറോനിൽ വിപണിയിലെത്തിക്കാൻ അനുമതി തേടി പതഞ്ജലി കേന്ദ്ര ആയുഷ് മന്ത്രാലയത്തെ സമീപിച്ചത്.
എന്നാൽ കൊവിഡ് സുഖപ്പെടുത്താൻ മരുന്നിന് കഴിയുമെന്നത് സംബന്ധിച്ച് ആധികാരികമായ തെളിവില്ലെന്ന് കാട്ടി കേന്ദ്ര ആയുഷ് മന്ത്രാലയം മരുന്നിന്റെ വില്പന തടഞ്ഞിരുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര സർക്കാരുകൾ മരുന്നിന് വിലക്കും ഏർപ്പെടുത്തിയിരുന്നു.