
ന്യൂഡൽഹി: പശുക്കളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ ഈ മാസം 25ന് ദേശീയതലത്തിൽ നടക്കുന്ന 'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ പരീക്ഷ' എഴുതാൻ അപേക്ഷിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. ഇതിൽ 15 ശതമാനവും വിദേശ ഇന്ത്യക്കാരാണ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും, 51 രാജ്യങ്ങളിലെ വിദേശ ഇന്ത്യക്കാരും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതായി രാഷ്ട്രീയ കാമധേനു ആയോഗ് അധികൃതർ വ്യക്തമാക്കി.
പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ജി.സി, കേന്ദ്രീയ വിദ്യാലയ സംഗതൻ, എ.ഐ.സി.ടി.ഇ തുടങ്ങിവർക്ക് കാമധേനു ആയോഗ് കത്തെഴുതിരുന്നു. ഇതനുസരിച്ച് യു.ജി.സി, വൈസ് ചാൻസിലർമാർക്കും കേന്ദ്രീയ വിദ്യാലയത്തിലെ അധികൃതർ, സ്‌കൂൾ പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിരുന്നു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് അപേക്ഷകരിൽ നല്ലൊരു ശതമാനവും.
പ്രൈമറി, സെക്കൻഡറി, കോളേജ് തലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പങ്കെടുക്കാം. മോക് ടെസ്റ്റ് നാളെ നടക്കും.
തിരഞ്ഞെടുത്ത് ഉത്തരമെഴുതാവുന്ന രീതിയിലാവും ഒരു മണിക്കൂർ പരീക്ഷ. മൊബൈൽ ഫോണിലൂടെയോ കംപ്യൂട്ടറിലൂടെയോ എഴുതാൻ കഴിയും വിധമാണ് ഓൺലൈൻ പരീക്ഷ. ഹിന്ദി, ഇംഗ്ലീഷ് കൂടാതെ 12 പ്രാദേശിക ഭാഷകളിൽ പരീക്ഷ ഉണ്ടാവും. ഉന്നതവിജയം നേടുന്നവർക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും.