
 പൊലീസിനും മാദ്ധ്യമങ്ങൾക്കും മുന്നറിയിപ്പ്
ന്യൂഡൽഹി: ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്കെതിരായ എഫ്.ഐ.ആറുമായി ബന്ധപ്പെട്ട ചില മാദ്ധ്യമ റിപ്പോർട്ടുകൾ സെൻസേഷണലും മുൻ വിധിയോടെയുള്ളതുമാണെന്ന് ഡൽഹി ഹൈക്കോടതിയുടെ വിമർശനം. അന്വേഷണത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുന്നില്ലെന്ന് ചാനൽ എഡിറ്റർമാർ ഉറപ്പാക്കണം. വാർത്തകളുടെ ആധികാരികത പരിശോധിക്കണം. വിവരങ്ങൾ ചോരുന്നില്ലെന്ന് ഡൽഹി പൊലീസും ഉറപ്പാക്കണമെന്നും ജസ്റ്റിസ് പ്രതിഭ എം. സിംഗ് നിർദ്ദേശിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും ഹർജിക്കാരിയുടെ സ്വകാര്യതയും അന്തസും സന്തുലിതമായി പോകണമെന്നും കോടതി വ്യക്തമാക്കി.
തന്റെ സ്വകാര്യവാട്സാപ്പ് ചാറ്റുകളടക്കം മാദ്ധ്യമങ്ങൾക്ക് പൊലീസ് ചോർത്തുന്നുവെന്ന് ദിഷ രവി നൽകിയ ഹർജിയാണ് ഡൽഹി ഹൈക്കോടതി പരിഗണിച്ചത്. ഹർജിയിൽ ന്യൂസ് 18, ഇന്ത്യ ടുഡെ, ടൈംസ് നൗ എന്നീ മാദ്ധ്യമങ്ങൾക്ക് കോടതി നോട്ടീസ് അയച്ചിരുന്നു.
അതേസമയം വാർത്തകൾ നീക്കം ചെയ്യണമെന്ന ദിഷയുടെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിശദമായ വാദത്തിനായി കേസ് മാർച്ച് 17ലേക്ക് മാറ്റി.
മാദ്ധ്യമങ്ങൾക്ക് ഒരു വിവരവും ചോർത്തി നൽകിയിട്ടില്ലെന്നും അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി ഡൽഹി പൊലീസ് നൽകിയ സത്യവാങ്മൂലം കർശനമായി പാലിക്കണമെന്ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. മാദ്ധ്യമപ്രവർത്തകരോട് സോഴ്സ് വെളിപ്പെടുത്താൻ ആവശ്യപ്പെടാനാകില്ലെങ്കിലും അവർ സോഴ്സുകളുടെ ആധികാരികത ഉറപ്പാക്കണം. കേസിൽ കുറ്റപത്രം സമർപ്പിച്ചാൽ അത് റിപ്പോർട്ട് ചെയ്യുന്നതിൽ തടസമില്ലെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം ചാനൽ വാർത്തകളിലെ പരാതികൾ പരിശോധിക്കാൻ വാർത്താവിതരണ മന്ത്രാലയം കമ്മിറ്റി രൂപീകരിച്ചതായും വാട്‌സാപ്പ് മെസേജുകൾ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലിവിഷൻ മാദ്ധ്യമങ്ങൾക്കെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ദിഷയെ ജുഡിഷ്യൽ കസ്റ്റഡിയിൽ
കേസിൽ ദിഷ രവിയെ ഡൽഹി അഡിഷണൽ മെട്രൊപോളിറ്റൻ മജിസ്‌ട്രേറ്റ് മൂന്നു ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. ചോദ്യം ചെയ്യലുമായി ദിഷ സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയിൽ ആരോപിച്ചു. ഒപ്പം കുറ്റാരോപിതരായ ശാന്തനു മുൾക്കിനും നികിത ജേക്കബിനുമേലും ദിഷ കുറ്റം ചാരുകയാണ്. മൂന്നുപേയെും ഒപ്പമിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് വാദിച്ചു.