covid

ന്യഡൽഹി: കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൂടുകയാണെന്നും രോഗപ്രതിരോധം ശക്തമാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. പ്രതിദിനരോഗികളും മരണവും ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6,112 പുതിയ കേസുകളാണ് മഹാരാഷ്ട്രയിലുണ്ടായത്. പഞ്ചാബിൽ 383, മദ്ധ്യപ്രദേശിൽ 297, ചത്തീസ്ഗഡിൽ 259 എന്നിങ്ങനെയാണ് പുതിയ രോഗികൾ.

പഞ്ചാബിലും മദ്ധ്യപ്രദേശിലും ചത്തീസ്ഗഡിലും ഒരാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയർന്ന കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1.43 ലക്ഷമായി. ആകെ രോഗികളുടെ 1.30 ശതമാനമാണിത്. രോഗമുക്തി നിരക്ക് 97.27 ശതമാനം.

കഴിഞ്ഞ 24 മണിക്കൂറിനിടെ 13,933 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 22 ദിവസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 101 പേർ കൂടി മരിച്ചു. 18,855 പേർ രോഗമുക്തരായി.

പുതിയ കൊവിഡ് രോഗികളിൽ 86.69 ശതമാനം 6 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് പുതിയ കേസുകളുടെ 75.87 ശതമാനവും.
തെലങ്കാന, ഹരിയാന, ജമ്മുകാശ്‌മീർ, ജാർഖണ്ഡ്, ഹിമാചൽപ്രദേശ്, ത്രിപുര, അസാം, ചണ്ഡീഗഢ്, ലക്ഷദ്വീപ്, മണിപ്പൂർ, മേഘാലയ, ലഡാക്ക്, മിസോറാം, സിക്കിം, നാഗാലാൻഡ്, അരുണാചൽപ്രദേശ്, ആൻഡമാൻ തുടങ്ങി 18 സംസ്ഥാന കേന്ദ്രഭരണപ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.