
ന്യൂഡൽഹി: കർഷക സമരത്തെ പിന്തുണച്ചുള്ള ടൂൾ കിറ്റും റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതിനുള്ള തെളിവുണ്ടോയെന്ന് ഡൽഹി പട്യാല കോടതി. അഭ്യൂഹങ്ങളും അനുമാനങ്ങളും മാത്രമേയുള്ളോയെന്നും അഡിഷണൽ സെഷൻസ് ജഡ്ജ് ധർമ്മേന്ദർ റാണ ഡൽഹി പൊലീസിനോട് ചോദിച്ചു. ടൂൾ കിറ്റിലെ ഉള്ളടക്കവും കോടതി ആരാഞ്ഞു.
ടൂൾ കിറ്റ് ഗൂഢാലോചന കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവി നൽകിയ ജാമ്യഹർജി പരിഗണിക്കിക്കുകയായിരുന്നു കോടതി. ചൊവ്വാഴ്ച വിധി പറയും.
കർഷക സമരത്തിന്റെ മറവിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനും അശാന്തിയുണ്ടാക്കാനുമുള്ള ആഗോള ഗൂഢാലോചനയിൽ പങ്കാളിയാണ് ദിഷയെന്ന് ഡൽഹി പൊലീസിനായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു.
എന്നാൽ റിപ്പബ്ലിക് ദിന സംഘർഷവുമായി ദിഷയെ ബന്ധിപ്പിക്കുന്ന തെളിവെന്താണെന്ന് കോടതി പൊലീസിനോട് ആരാഞ്ഞു.
എന്നാൽ ഒരു ഗൂഢാലോചനയിൽ എല്ലാവർക്കും ഒരേ പങ്കാളിത്തമല്ല ഉണ്ടായിരിക്കുകയെന്ന് എ.എസ്.ജി മറുപടി നൽകി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഗൂഢാലോചനയെ കാണാൻ കഴിയൂ. ടൂൾ കിറ്റ് പുറമെ നിരുപദ്രവമാണെന്ന് തോന്നുമെങ്കിലും അതിന് പിന്നിൽ വേറെ ലക്ഷ്യമുണ്ടെന്നും വാദിച്ചു.
നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുണ്ടോയെന്നും ഇവിടെ ഉഹാപോഹങ്ങളാണോ വേണ്ടതെന്നും കോടതി ചോദിച്ചു. നിലവിൽ നേരിട്ടുള്ള തെളിവുകളില്ലെന്നാണോ വിചാരിക്കേണ്ടത്. തനിക്ക് ബോധ്യമില്ലാത്ത കാര്യത്തിൽ മുന്നോട്ടുപോകാനാകില്ലെന്നും ജഡ്ജ് പറഞ്ഞു.
ദിഷ ചാറ്റുകൾ ഡിലീറ്റ് ചെയ്തു: പൊലീസ്
ടൂൾ കിറ്റ് ആളുകളെ തെരുവിലിറക്കാൻ പ്രേരിപ്പിച്ചു. അക്രമത്തിലേക്ക് നയിച്ചു. ദിഷ രവി ഖാലിസ്ഥാൻ അനുകൂലികളുമായി ബന്ധപ്പെട്ടിരുന്നു. ഗ്രേറ്റ തുൻബെർഗ് ട്വീറ്റ് ചെയ്ത ടൂൾകിറ്റ് തയ്യാറാക്കാൻ സഹായിച്ചു. നിയമപരമായ പ്രത്യാഘാതം മനസിലാക്കിയതോടെ വാട്‌സാപ്പ് ചാറ്റുകൾ ഡിലീറ്റ് ചെയ്തു. തെറ്റായ ഉദ്ദേശമില്ലായിരുന്നെങ്കിൽ എന്തിനാണ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതെന്നും ഡൽഹി പൊലീസ് വാദിച്ചു.
ടൂൾകിറ്റും അക്രമവും തമ്മിൽ ബന്ധമില്ല: ദിഷ
കർഷക സമരത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടുന്നത് രാജ്യദ്രോഹമാണെങ്കിൽ ജയിലിൽ തന്നെ തുടരുന്നതാണ് നല്ലതെന്നും ഖാലിസ്ഥാൻ അനുകൂല സംഘടനകളെയും തന്നെയും ബന്ധിപ്പിക്കാവുന്ന തെളിവുകളില്ലെന്നും ദിഷ പറഞ്ഞു.
അവരുമായി ഒരൊറ്റ ചാറ്റു പോലും നടത്തിയിട്ടില്ല. റിപ്പബ്ലിക് ദിനത്തിലെ അക്രമവും ടൂൾകിറ്റും തമ്മിൽ ബന്ധമില്ല. ചെങ്കോട്ടയിലെ അക്രമത്തിൽ അറസ്റ്റിലായ ആരും ടൂൾക്കിറ്റിൽ പ്രചോദിതമായാണ് അക്രമം നടത്തിയതെന്ന് പറഞ്ഞിട്ടില്ല. ഡൽഹി പൊലീസ് അനുമതി നൽകിയ ട്രാക്ടർ റാലിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് രാജ്യദ്രോഹമാകുകയെന്നും ദിഷ ചോദിച്ചു.