covid

ന്യൂഡൽഹി: എൻ 440കെ എന്ന കൊവിഡിന്റെ ഇന്ത്യൻ വകഭേദം തീവ്രവ്യാപനശേഷിയുള്ളതായേക്കാമെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ മുന്നറിയിപ്പ് നൽകി. പരിശോധന, സമ്പർക്ക പട്ടിക, രോഗബാധിതരെ വേർതിരിക്കൽ തുടങ്ങിയ ഊർജ്ജിത നടപടികളിലേക്ക് മടങ്ങിപോകേണ്ടിവരുമെന്നും അദ്ദേഹം ഒരു ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി. വൈറസിനെതിരായ ആന്റിബോഡിയുള്ളവരിലും വീണ്ടും രോഗം കണ്ടേക്കാം. മാസ്‌ക് ധരിക്കൽ അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയാണ് പ്രതിരോധത്തിനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്റെ ഇന്ത്യൻ വകഭേദം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്നുണ്ടെന്ന് സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി ഡയറക്ടർ രാകേഷ് മിശ്രയും വ്യക്തമാക്കി.

മഹാരാഷ്ട്രയും കേരളവും അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ പുതിയ കൊവിഡ് കേസുകളുയരുകയാണെന്നും ജാഗ്രതവേണമെന്നും കഴിഞ്ഞദിവസം കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.

മഹാരാഷ്ട്രയിൽ വിദർഭമേഖലയിലെ അമരാവതി, യവത്മാൾ, അകോള എന്നിവിടങ്ങളിൽ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.