
ന്യൂഡൽഹി: പാംഗോങ് തടാകത്തിന്റെ കരകളിലെ സേനാപിന്മാറ്റം പൂർത്തിയായതിന് പിന്നാലെ, കിഴക്കൻ ലഡാക്കിലെ മറ്റ് സംഘർഷ മേഖലകളിലെയും സേനാപിൻമാറ്റം സംബന്ധിച്ച പത്താമത് ഇന്ത്യ - ചൈന കമാൻഡർ തല ചർച്ച പൂർത്തിയായി.
പതിനാറ് മണിക്കൂറോളമാണ് ചർച്ച നടന്നത്.
യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈനീസ് ഭാഗത്തെ മോൾഡോയിൽ ശനിയാഴ്ച രാവിലെ പത്തിന് തുടങ്ങിയ ചർച്ച ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് അവസാനിച്ചത്. ചർച്ചയിലെ നിർദ്ദേശങ്ങൾ ഇരുപക്ഷവും തങ്ങളുടെ ഉന്നതാധികാരികൾക്ക് സമർപ്പിക്കും. തുടർന്നായിരിക്കും സേനാപിന്മാറ്റം സംബന്ധിച്ച കരാറുണ്ടാക്കുക.
ഗോഗ്ര, ഹോട്ട് സ്‌പ്രിംഗ്സ്, ഡെപ്‌സാംഗ് സംഘർഷ പ്രദേശങ്ങളിൽ നിന്നുള്ള സേനാപിൻമാറ്റം വേഗത്തിലാക്കണമെന്നും ഡെപ്‌സാംഗ് സമതലത്തിൽ ഇന്ത്യൻ പെട്രോളിംഗ് സംഘത്തെ തടയരുതെന്നും ഇന്ത്യ ചർച്ചയിൽ ആവശ്യപ്പെട്ടു.
2013 മുതൽ സംഘർഷമുള്ള ഡെപ്‌സാംഗ് ഒഴികെ മറ്റ് മേഖലകളിലെ സേനാപിൻമാറ്റത്തിൽ വേഗത്തിൽ ധാരണയാകുമെന്നാണ് സൂചന. ചർച്ചയുടെ വിശദാംശങ്ങൾ ഇരുരാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
ലേയിലെ 14 കോർ കമാൻഡർ ലെഫ്. ജനറൽ പി.ജി.കെ മേനോനാണ് ഇന്ത്യൻ സംഘത്തെ നയിച്ചത്.
ഹോട്ട് സ്‌പ്രിംഗ്,ഗോഗ്ര, കോംഗാ ലാ പ്രദേശങ്ങളിലെ പട്രോളിംഗ് പോയിന്റ് 15ലും 17 എയിലും നിലച്ചുപോയ സേനാപിന്മാറ്റം പൂർത്തിയാക്കാൻ ധാരണയായെന്നാണ് സൂചന. ഇവിടെ ചെറിയ സേനാവിന്യാസമാണ്. മുഖാമുഖം നിൽക്കുന്നുമില്ല. ഡെംചോക്ക് സെക്ടറിലെ സി.എൻ.എൻ ട്രാക് ജംഗ്ഷനിലും വേഗത്തിൽ പരിഹാരമുണ്ടായേക്കും. ഇവിടെ ചൈനയുടെ ടെന്റുകളുണ്ട്. ഇന്ത്യൻ ഗ്രാമീണർ ഇവിടെ കാലിമേയ്ക്കുന്നത് ചൈന തടഞ്ഞിരുന്നു.
ചൈനയുടെ ഹൈവേ
പ്രധാനപ്രശ്‌നം തന്ത്രപ്രധാനമായ ഡെപ്‌സാംഗ് സമതലത്തിലാണ്. ടിബറ്റൻ സ്വയംഭരണ മേഖലയെയും ചൈനയിലെ ഷിൻജിയാംഗിനെയും ബന്ധിപ്പിക്കുന്ന ചൈനയുടെ പശ്ചിമ ഹൈവേ ജി-219 ഇതിന് അടുത്താണ്. ഡെപ്‌സാംഗിലൂടെ ദൗളത്ത് ബേഗ് ഓൾഡീ (ഡി.ബി.ഒ ) എയർസ്ട്രിപ്പിലേക്കും കാരക്കോറം പാസിലേക്കും ഇന്ത്യയ്ക്ക് പ്രവേശിക്കാം. ഈ മേഖലയിൽ ഇരുരാജ്യങ്ങളും വൻതോതിൽ ടാങ്കുകളുൾപ്പെടെ വിന്യസിച്ചിട്ടുണ്ട്.