covid

ആലപ്പുഴയിലെ സ്ഥിതി ആശങ്കാജനകം

ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് പരിശോധനയും ജാഗ്രതയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തെഴുതി.

കേരളത്തിൽ അലപ്പുഴ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണ്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ ആലപ്പുഴയിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.7 ശതമാനമായും പ്രതിവാര രോഗബാധിതരുടെ എണ്ണം 2,833 ആയും വർദ്ധിച്ചു. ഇവിടെ കർശന നിരീക്ഷണം നടത്തണം. ഇക്കാലയളവിൽ കേരളത്തിലെ പ്രതിവാര ശരാശരി കേസുകൾ 42,000 മുതൽ 34,800 വരെയും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 13.9 മുതൽ 8.9 ശതമാനം വരെയുമാണ്.

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്.

ആർ.ടി.പി.സി.ആർ

നിർബന്ധം

അഞ്ച് മേഖലകൾ കേന്ദ്രീകരിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന്

കേന്ദ്രം നിർദ്ദേശിച്ചു.
ആർ.ടി - പി.സി.ആർ ടെസ്റ്റുകളുടെ അനുപാതവും പരിശോധനകളുടെ എണ്ണവും വർദ്ധിപ്പിക്കണം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലം നെഗറ്റീവായ എല്ലാവർക്കും നിർബന്ധമായും ആർ.ടി - പി.സി.ആർ ടെസ്റ്റും നടത്തണം. പരിശോധനകളുടെ തുടർച്ചയായി ജീനോം സീക്വൻസിംഗിലൂടെ വകഭേദം വന്ന വൈറസിനെ നിരീക്ഷിക്കണം. കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1.45 ലക്ഷമായി ഉയർന്നു. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ആക്ടീവ് കേസുകളുടെ 74 ശതമാനത്തിലേറെയും. ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ജമ്മുകാശ്മീർ സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ഉയരുകയാണ്. രോഗികളുടെ എണ്ണം ഉയർന്നതോടെ മഹാരാഷ്ട്രയിലെ അമരാവതിയിൽ ഒരാഴ്ചത്തേക്ക് ലോക് ഡൗൺ ഏർപ്പെടുത്തി. പൂനെയിൽ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടത് തുടരും.