farmers-strike

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾ രണ്ട് വർഷത്തേക്ക് മരവിപ്പിച്ചാൽ പ്രശ്നപരിഹാരമാകുമെന്ന തരത്തിൽ താൻ പറഞ്ഞതായുള്ള മാദ്ധ്യമവാർത്തകൾ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് നിഷേധിച്ചു. താൻ നൽകിയ അഭിമുഖത്തിൽ പറഞ്ഞതിൽ ഒരു ഭാഗം അടർത്തിയെടുത്തുള്ള വാർത്തയാണിത്. കാർഷിക നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്നതിൽ കർഷകസംഘടനകളുടെ നിലപാടിനൊപ്പമാണെന്നും അമരീന്ദർ പറഞ്ഞു.

പുതിയ കാർഷിക നിയമങ്ങൾ രണ്ടുവർഷം വരെ മരവിപ്പിച്ചാൽ സമരം അവസാനിപ്പിക്കാൻ പ്രശ്നപരിഹാരമായേക്കുമെന്നാണ് അമരീന്ദർ സിംഗ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നിയമങ്ങൾ കുറച്ചുകാലത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രനിർദ്ദേശം ഇപ്പോഴും കർഷക സംഘടനകളുടെ സജീവ ചർച്ചയിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം എത്രയും വേഗം പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചാബിലും മറ്റും സ്ഥിതിഗതികൾ കൈവിടുമെന്നും അമരീന്ദർ പറഞ്ഞു. സമരം തുടങ്ങിയത് മുതൽ അതിർത്തി കടന്നുള്ള ആയുധക്കടത്ത് വർദ്ധിക്കുകയാണ്. നിയമങ്ങൾ പിൻവലിക്കുന്നത് ഒരു അഭിമാനപ്രശ്നമായി കേന്ദ്രം കാണേണ്ടതില്ലെന്നും അമരീന്ദർ സിംഗ് പറ‌ഞ്ഞു.

നിയമം റദ്ദാക്കണമെന്ന് ഒരു സംസ്ഥാനവും ആവശ്യപ്പെട്ടില്ല

..........................................

പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന നീതി ആയോഗ് കൗൺസിൽ യോഗത്തിൽ ഒരു സംസ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു. കൃഷിയെക്കുറിച്ച് പല സംസ്ഥാനങ്ങളും സംസാരിച്ചു. സിക്കിം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ കാർഷിക മേഖല മെച്ചപ്പെടുത്താനുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒരു സംസ്ഥാനവും പുതിയ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യം ഉന്നയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.