
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കാർഷിക മേഖലയിൽ നടപ്പാക്കിയ പരിഷ്കരണ നടപടികൾക്ക് പൂർണ പിന്തുണയും നന്ദിയും അറിയിച്ച് ബി.ജെ.പി ദേശീയ ഭാരവാഹി യോഗം പ്രമേയം പാസാക്കി. കർഷകസമരം ശക്തമായി തുടരുന്നതിനിടെയാണിത്.
കാർഷികനിയമങ്ങൾ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാർ നിലപാട് വിശദീകരിച്ചുകൊണ്ട് രാജ്യവ്യാപകമായി പ്രചാരണം സംഘടിപ്പിക്കും.
രാവിലെ യോഗം ഉദ്ഘാടനം ചെയ്ത മോദി പുതിയ നിയമങ്ങളുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കണമെന്ന് നേതാക്കളോട് ആഹ്വാനം ചെയ്തു.
മികച്ച വിലയിൽ ഉത്പന്നങ്ങൾ വില്ക്കാൻ കർഷകർക്ക് പുതിയ നിയമങ്ങൾ സ്വാതന്ത്ര്യം നൽകുന്നുവെന്നുവെന്ന് ചത്തീസ്ഗഡ് മുൻമുഖ്യമന്ത്രിയും ദേശീയ വൈസ് പ്രസിഡന്റുമായ രമൺ സിംഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോദിയുടെ നേതൃത്വത്തിൽ കർഷക ക്ഷേമം മുൻനിറുത്തി നടത്തിയ വിപ്ലവകരമായ നടപടിയാണ് മൂന്നുനിയമങ്ങൾ. കർഷകർ പുതിയ നിയമങ്ങളിൽ സന്തുഷ്ടരാണ്. കോൺഗ്രസും ഇടതുപക്ഷവും രാഷ്ട്രീയ നേട്ടത്തിനാണ് പ്രതിഷേധം നീട്ടിക്കൊണ്ടുപോകുന്നതെന്നും രമൺ സിംഗ് പറഞ്ഞു. ഡൽഹി എൻ.ഡി.എം.സി കൺവെൻഷൻ സെന്ററിൽ ചേർന്ന യോഗത്തിൽ കൊവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്തതിലും മോദിക്ക് നന്ദിയറിയിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി.