vm

ന്യൂഡൽഹി: കേരളമടക്കം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് ബി.ജെ.പി ദേശീയ ഭാരവാഹിയോഗത്തിന്റെ വിലയിരുത്തൽ. ബംഗാളിൽ അധികാരം പിടിക്കും. അസമിൽ നിലനിറുത്തും. കേരളത്തിൽ മെട്രോമാൻ ഇ. ശ്രീധരൻ പാർട്ടിയിൽ ചേർന്നത് ഗുണം ചെയ്യുമെന്നും സംസ്ഥാനത്ത് പാർട്ടിയുടെ പ്രകടനം മികച്ചതായിരിക്കുമെന്നും യോഗം വിലയിരുത്തി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജെ.പി നദ്ദയെ തിരഞ്ഞെടുത്ത ശേഷം പ്രഖ്യാപിച്ച പുതിയ ദേശീയ ഭാരവാഹികളുടെ ആദ്യയോഗമാണ് ഇന്നലെ ഡൽഹിയിൽ ചേർന്നത്. കൊവിഡിൽ മരിച്ചവർക്ക് ആദരമർപ്പിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം ഉദ്ഘാടനം ചെയ്തു.

പശ്ചിമബംഗാൾ,കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ സംഘടനാ സാഹചര്യവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ജെ.പി നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. പഞ്ചാബിലെ തദ്ദേശതിരഞ്ഞെടുപ്പ് തോൽവിയും യു.പി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യവും ചർച്ചചെയ്തു.

ദേശീയ ഭാരവാഹികൾ, സംസ്ഥാന പ്രസിഡന്റുമാർ, സംഘടനാ സെക്രട്ടറിമാർ എന്നിവരാണ് യോഗത്തിനെത്തിയത്. കേരളത്തിൽ നിന്ന് ദേശീയ വൈസ് പ്രസിഡൻറ് എ.പി അബ്ദുള്ളക്കുട്ടി, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശൻ എന്നിവർ പങ്കെടുത്തു.